ബഹിരാകാശ നിലയത്തിൽ വിരുന്നൊരുക്കി ശുഭാംശുവും സംഘവും ; 15ന് മടങ്ങി എത്തും

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സൗഹൃദ വിരുന്നൊരുക്കി ശുഭാംശു ശുക്ലയും സംഘവും. സംഘാംഗം ജോണി കിം എക്സിൽ പങ്കുവച്ച ചിത്രം
തിരുവനന്തപുരം
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സൗഹൃദ വിരുന്നൊരുക്കി ശുഭാംശു ശുക്ലയും സംഘവും. ഭൂമിയിൽനിന്ന് കൊണ്ടുപോയ ഭക്ഷ്യവിഭവങ്ങൾ നിലയത്തിലുണ്ടായിരുന്ന മറ്റുള്ളവരുമായി പങ്കു വയ്‌ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ സംഘാംഗങ്ങൾ പങ്കുവച്ചു. ശുഭാംശുഎത്തിച്ച ഇന്ത്യൻ കാരറ്റ് ഹൽവയും മറ്റും ഹിറ്റായി.
മറ്റുള്ളവർ എത്തിച്ച ചെമ്മീൻ മസാല, ചിക്കൻ, ബീഫ് എന്നിവയും വിളമ്പി. ഒപ്പം ജ്യൂസും. പ്രത്യേക കേക്കും വിതരണം ചെയ്‌തു. രുചിഭേദങ്ങളുടെ കൂട്ടായ്‌മയിൽ മാനവരാശിയുടെ ഒത്തൊരുമ എന്ന് നാസയുടെ ബഹിരാകാശ സഞ്ചാരി ജോണി കിം എക്‌സിൽ കുറിച്ചു.
ശുഭാംശുവും സംഘവും 15ന് ഭൂമിയിൽ തിരിച്ചെത്തും. 14ന് വൈകിട്ട് 4.35ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽനിന്ന് നാലംഗ സംഘവുമായി ഡ്രാഗൺ പേടകം യാത്രതിരിക്കും. 18 മണിക്കുറിനുശേഷം കലിഫോർണിയക്ക് സമീപം പസഫിക്ക് സമുദ്രത്തിൽ പേടകത്തെ നിയന്ത്രിച്ചിറക്കും.
കാലാവസ്ഥ കൂടി പരിഗണിച്ചാവും മടക്കയാത്ര നിശ്‌ചയിക്കുക. 26ന് നിലയത്തിലെത്തിയ ഇവർ വ്യാഴാഴ്‌ച മടങ്ങേണ്ടിയിരുന്നതാണ്. പസഫിക്ക് സമുദ്രത്തിലെയും മറ്റും കാലാവസ്ഥ മോശമായതിനാലാണ് ദൗത്യം നീട്ടിയത്. 31ന് മറ്റൊരു സംഘത്തിന് നിലയത്തിലേക്ക് പുറപ്പെടേണ്ടതുണ്ട്. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങൾ സംഘം പൂർത്തീകരിച്ചു. ഏഴെണ്ണം ഐഎസ്‌ആർഒയുടേതാണ്.









0 comments