ശുഭാംശുവും സംഘവും ഇന്ന് യാത്രതിരിക്കും

ഫ്‌ളോറിഡ
ഇന്ത്യൻ വൈമാനികൻ ശുഭാംശു ശുക്ലയും സംഘവും ബുധനാഴ്‌ച ബഹിരാകാശത്തേക്ക് യാത്രതിരിച്ചേക്കും. കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടായില്ലെങ്കിൽ പകൽ 12ന് ദൗത്യപേടകം വിക്ഷേപിക്കും. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് ഫാൽക്കൻ 9 റോക്കറ്റാണ് ശുക്ലയടക്കം നാലുപേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. 28 മണിക്കൂറോളം ഭൂമിയെചുറ്റുന്ന പേടകം വ്യാഴം വൈകിട്ട് നാലിന് അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. തുടർന്ന് ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിക്കും. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങും.
സാങ്കേതിക പ്രശ്‌നങ്ങൾ മൂലം ആറു തവണ മാറ്റിവച്ച ദൗത്യമാണിത്. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം 4 ദൗത്യം. ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടർ പെഗ്ഗി വിറ്റ്സൺ, സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ശുക്ലയ്‌ക്കൊപ്പമുള്ളത്.









0 comments