ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്
print edition വിധി രാഷ്ട്രീയപ്രേരിതം : ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി
ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ (ഐസിടി) വധശിക്ഷ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത ഒരു ഇടക്കാല സർക്കാരിന്റെ മേൽനോട്ടത്തിലുള്ള വ്യാജ ട്രിബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചതെന്ന് ഹസീന പ്രതികരിച്ചു.
അവാമി ലീഗിനെ ദുർബലമാക്കാൻ തികച്ചും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണ് ട്രിബ്യൂണൽ വിധി. കുറ്റാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു. അവാമി ലീഗ് അംഗങ്ങളെ തെരഞ്ഞുപിടിച്ച് പ്രതികളാക്കി വിചാരണ നടത്തി. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് ഭരണഘടനാ വിരുദ്ധമായാണ് പെരുമാറിയത്. നിഷ്പക്ഷമായ ഒരു അന്താരാഷ്ട്ര വേദിയിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നു. ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ വിചാരണയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അത് ഇടക്കാല സർക്കാർ തള്ളിയത് തികച്ചും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അവർ പറഞ്ഞു.
ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ്
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഉടൻ രാജ്യത്തിന് കൈമാറണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ (ഐസിടി) ഇരുനേതാക്കൾക്കും വധശിക്ഷ വിധിച്ച സാഹചര്യത്തിൽ നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഇരു നേതാക്കളെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാൻ ഇന്ത്യ തയ്യാറാകണമെന്ന് ബംഗ്ലാദേശ് വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല.









0 comments