രാജ്യത്ത് മാംസാഹാരം നിരോധിക്കണം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പ്രശംസനീയം; തൃണമൂൽ എംപി

Shatrughan Sinha

photo credit: facebook

വെബ് ഡെസ്ക്

Published on Feb 05, 2025, 04:07 PM | 1 min read

ന്യൂഡൽഹി: രാജ്യത്ത് മാംസാഹാരം നിരോധിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി. പക്ഷേ ചില ഭാഗങ്ങളിൽ അത് നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്നും മുതിർന്ന ബോളിവുഡ് നടനും തൃണമൂൽ കോൺഗ്രസ് എംപിയുമായ ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.


"രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബീഫ് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് ബീഫ് മാത്രമല്ല, മാംസാഹാരവും പൊതുവെ നിരോധിക്കണമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ഇപ്പോഴും ബീഫ് കഴിക്കുന്നത് നിയമപരമാണ്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഇത് കഴിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ വടക്കേ ഇന്ത്യയിൽ അങ്ങനെയല്ല" എന്ന്‌ പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


"എന്നാൽ ഇത് പ്രവർത്തിക്കാൻ പോകുന്നില്ല, ചില ഭാഗങ്ങളിൽ മാത്രമല്ല, എല്ലായിടത്തും നിരോധനം നടപ്പാക്കണം," സിൻഹ കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് പ്രശംസനീയമാണെന്നും സിൻഹ പറഞ്ഞു. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരൊറ്റ നിയമം വ്യവസ്ഥ ചെയ്യുന്ന ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ യുസിസിയിൽ പഴുതുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


"യുസിസി വ്യവസ്ഥകൾ തയ്യാറാക്കുന്നതിനുമുമ്പ് ഒരു സർവകക്ഷി യോഗം നടത്തണം. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും ചിന്തകളും തേടണം. യുസിസിയെ ഒരു തെരഞ്ഞെടുപ്പായോ വോട്ട് ബാങ്ക് തന്ത്രമായോ കാണരുത്. മറിച്ച് ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണം," അദ്ദേഹം പറഞ്ഞു.


ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ ഇന്ത്യയുടെ ആദ്യ സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ് .

വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനായി പുഷ്കർ ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചതായും ഉത്തരാഖണ്ഡ് സിവിൽ കോഡ് എല്ലാ വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും സാധുത നൽകുന്നു എന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home