രാഹുൽ നൽകിയ ലസ്റ്റിൽ തരൂരുണ്ടായിരുന്നില്ല
കോൺഗ്രസ് നൽകിയ ലിസ്റ്റ് വെട്ടി, വിദേശ രാജ്യങ്ങളിലേക്കുള്ള സംഘത്തിൽ ശശി തരൂർ


സ്വന്തം ലേഖകൻ
Published on May 17, 2025, 12:18 PM | 2 min read
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ തേടി വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന പ്രതിനിധികളിൽ കോൺഗ്രസ് നിർദ്ദേശിച്ച നേതാക്കളുടെ ലിസ്റ്റ് തള്ളി പകരം ശശി തരൂരിനെ ചേർത്ത് കേന്ദ്ര സർക്കാർ.
യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾ ഉള്‍പ്പടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ സന്ദർശിക്കാൻ ഏഴ് സര്‍വ്വകക്ഷി സംഘങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിനായി പ്രതിനിധികളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാർ പ്രതിപക്ഷം ഉൾപ്പെടെ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നല്‍കിയത് നാലുപേരടങ്ങുന്ന പട്ടികയാണ്. ഇതിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഡോ. സയീദ് നസീര്‍ ഹുസൈന്‍ എം പി, രാജാ ബ്രാർ എം പി എന്നിവരെയാണ് പാർടി ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി നൽകിയിരുന്നത്.
ഈ മാസം അവസാനത്തോടെയാകും സന്ദര്‍ശനം. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും നേരിടുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തോടുള്ള സമീപനം ഈ സര്‍വ്വകക്ഷി സംഘങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഉയര്‍ത്തിക്കാട്ടും എന്നാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നത്.
ഏഴ് സംഘങ്ങളില്‍ ഒന്നിനെ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ ആയിരിക്കും ഇതു പ്രകാരം നയിക്കുക. രവി ശങ്കര്‍ പ്രസാദ് (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), ബൈജയന്ത് പാണ്ഡെ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത് ഏക്നാഥ് ഷിന്ദേ (ശിവസേന) എന്നിവരാണ് മറ്റു ആറ് പ്രതിനിധി സംഘത്തെ നയിക്കുക.
പ്രമുഖ രാഷ്ട്രീയ വ്യക്തികള്‍, നയതന്ത്രജ്ഞർ എന്നിവരും സംഘത്തിൽ ഉൾപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാർ അറിയിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. അതുപ്രകാരം പ്രതിപക്ഷ നേതാവ് 16-ന് വൈകിട്ടോടെ നാലുപേരെ നിര്‍ദേശിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു. രാഹുൽ ഗാന്ധി നിർദ്ദേശിച്ച ലിസ്റ്റില്‍ ശശി തരൂരിന്റെ പേരുണ്ടായിരുന്നില്ല.
ബഹുമതിയെന്ന് തരൂർ
അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഗള്‍ഫ് മേഖലകളടക്കമുള്ള അന്‍പതോളം രാജ്യങ്ങളിലേക്കാണ് പാര്‍ലമെന്ററി-നയതന്ത്ര സംഘം യാത്ര ചെയ്യുന്നത്. വാഷിംഗ്ടൺ, ലണ്ടൻ, അബുദാബി, പ്രിട്ടോറിയ, ടോക്കിയോ തുടങ്ങിയ പ്രധാന തലസ്ഥാനങ്ങൾ സന്ദർശിക്കും. ഓരോ ടീമും തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ "സീറോ ടോളറൻസ്" നയം അവതരിപ്പിക്കും.
"അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു" എന്നാണ് ശശി തരൂർ ഇതു സംബന്ധിച്ച് പ്രതികരിച്ചത്.
വെടിനിർത്തൽ കരാറിൽ സുതാര്യതയില്ലായ്മ കാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ വിമർശിക്കുകയും മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയുടെ ഇടപെടലിനെ ചോദ്യം ചെയ്യുകയും ചെയ്ത കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായിരുന്നു ശശി തരൂരിന്റെ അടുത്ത കാലത്തെ പ്രതികരണങ്ങൾ.
"അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. തരൂർ സാബ് സംസാരിക്കുമ്പോൾ, അത് പാർട്ടിയുടെ അഭിപ്രായമല്ല" എന്ന് പറഞ്ഞാണ് ജയറാം രമേഷ് ഇതിനെ പ്രതിരോധിച്ചത്.
0 comments