യുപിയിൽ ഏറ്റുമുട്ടൽ: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. കുപ്രസിദ്ധ സംഘത്തിലെ ഷാർപ്പ്ഷൂട്ടറായ നവീൻ കുമാർ (37) ആണ് കൊല്ലപ്പെട്ടത്. ബുധൻ രാത്രി ഹാപൂർ കോട്‌വാലി പ്രദേശത്ത് ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് നവീനെ വധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കോട്‌വാലി പ്രദേശത്ത് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ നവീൻ കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൊലപാതകം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (എസിഒസിഎ) എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും സജീവമായി തിരച്ചിൽ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഗാസിയാബാദ് ജില്ലയിലെ ലോണി നിവാസിയാണ് നവീൻ. ഇയാൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സജീവ പ്രവർത്തകനായിരുന്നെന്നും സംഘാംഗമായ ഹാഷിം ബാബയുമായി അടുത്ത് പ്രവർത്തിച്ചിരുന്നതായും എഡിജിപി അമിതാഭ് യാഷ് പറഞ്ഞു. ഡൽഹിയിലും ഉത്തർപ്രദേശിലുമായി ഇയാൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുൾപ്പെടെ 20 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2008-ൽ ഡൽഹിയിലെ സീമാപുരി പൊലീസ് സ്റ്റേഷനിലാണ് കുമാറിനെതിരെ ആയുധ നിയമപ്രകാരം ആദ്യം കേസെടുത്തത്. 2009-ൽ സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. 2010-ൽ ഉത്തർപ്രദേശിൽ ഗുണ്ടാ നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments