ടാക്സി ഡ്രൈവർമാരെ കൊന്ന് കാർ മോഷണം; 'സീരിയൽ കില്ലർ' പിടിയിൽ

Lamba

photo credit : X

വെബ് ഡെസ്ക്

Published on Jul 07, 2025, 10:33 AM | 1 min read

ന്യൂഡൽഹി : ടാക്‌സി കാറുകൾ വാടകയ്ക്ക് വിളിച്ച് ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം കാറുകൾ മോഷണം നടത്തുന്ന സീരിയൽ കില്ലർ ഡൽഹിയിൽ പിടിയിൽ. ബൻഷി എന്ന അജയ് ലാംബയാണ് (49) പിടിയിലായത്. ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളായി രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ് . പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന പ്രതിയെ 25 വർഷത്തിനു ശേഷമാണ് പിടികൂടിയത്.


നാല് കൊലപാതകക്കേസുകളിലാണ് നിലവിൽ അജയ് ലാംബ പ്രതിയായിട്ടുള്ളത്. ഡൽഹിയിലും ഉത്തരാഖണ്ഡിലെ ഹൽദ്വാനി, അൽമോറ, ചമ്പാവത് ജില്ലകളിലുമായാണ് ക്രൂരമായ കവർച്ച- കൊലപാതകങ്ങൾ നടത്തിയത്. ഡൽഹിയിലെ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2001 ലെ കൊലപാതക കേസ് ഉൾപ്പെടെ എല്ലാ കേസുകളിലുമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.


1999 നും 2001 നും ഇടയിൽ നടന്ന നിരവധി ക്രൂരമായ കുറ്റകൃത്യങ്ങളുടെ മുഖ്യസൂത്രധാരൻ ലാംബയാണെന്ന് പൊലീസ് പറഞ്ഞു. ടാക്സി ഡ്രൈവർമാരെ ലക്ഷ്യം വച്ചായിരുന്നു കൊലകൾ. ദൂരയാത്രയ്ക്കെന്ന പേരിൽ ടാക്സി വിളിച്ചശേഷം വിജനമായ സ്ഥലത്തെത്തുമ്പോൾ കൊലപ്പെടുത്തികയായിരുന്നു രീതി. തുടർന്ന് വാഹനങ്ങൾ കൊള്ളയടിക്കുകയും മൃതദേഹങ്ങൾ ഉത്തരാഖണ്ഡിലെ വിദൂര വനപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. കൊള്ളയടിച്ച വാഹനങ്ങൾ നേപ്പാൾ അതിർത്തിക്കപ്പുറത്തേക്ക് വീണ്ടും വിറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലയ്ക്കു പുറമെ മോഷണം, ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.


2008 മുതൽ 2018 വരെ ഇയാൾ കുടുംബത്തോടൊപ്പം നേപ്പാളിൽ താമസിച്ചുവെന്നും പിന്നീട് ഡെറാഡൂണിലേക്ക് താമസം മാറിയെന്നും പൊലീസ് പറഞ്ഞു. 2020ൽ, ഒഡീഷയിൽ നിന്ന് ഡൽഹിയിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പങ്കാളിയായി. 2021ൽ സാഗർപൂർ പൊലീസ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഒരു കേസിലും 2024ൽ ഒഡീഷയിലെ ബെർഹാംപൂരിലെ ഒരു ജ്വല്ലറി ഷോപ്പ് കൊള്ളയുമായി ബന്ധപ്പെട്ട കേസിലും ലാംബയെ അറസ്റ്റ് ചെയ്തു. എന്നാൽ, രണ്ട് കേസുകളിലും ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home