print edition സുരക്ഷാവീഴ്‌ചയുടെ ആഴമേറുന്നു ; കാറുമായി ഡല്‍ഹിയില്‍ 11 മണിക്കൂര്‍

ന്യൂഡൽഹി
രാജ്യത്തെ നടുക്കിയ ചാവേർ ബോംബാക്രമണത്തിന് വഴിയൊരുക്കിയ സുരക്ഷാവീഴ്‌ചയുടെ ഗുരുതര സ്വഭാവം കൂടുതൽ വെളിപ്പെടുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി 11 മണിക്കൂറാണ് രാജ്യതലസ്ഥാനത്ത് ഡോ. ഉമർ ചെലവഴിച്ചത്. ഇതിനിടെ ഡൽഹിയിലെ തിരക്കേറിയ പല വഴികളിലൂടെയും സഞ്ചരിച്ചു. രാജ്യത്തെ തന്നെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ കൊണാട്ട്‌പ്ലേസിലടക്കം കാറുമായി എത്തി.
ഫരീദാബാദിലെ ഭീകരശൃംഖലയുടെ ഭാഗമായ മൂന്ന് ഡോക്ടർമാരെ അറസ്‌റ്റുചെയ്‌ത ശേഷം ഉമറിനെതിരായി ലുക്ക്‌ഒൗട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് സ്‌ഫോടക വസ്തു നിറച്ച കാറുമായി മണിക്കൂറുകൾ രാജ്യതലസ്ഥാനത്ത് ഇയാൾ ചെലവഴിച്ചതും ചെങ്കോട്ടയ്‌ക്ക് മുന്നിലെ തിരക്കേറിയ റോഡിൽ സ്‌ഫോടനം നടത്തിയതും. ഫരീദാബാദിലെ അൽ ഫലാഹ് ആശുപത്രി കേന്ദ്രീകരിച്ചുള്ള ഭീകര ശൃംഖലയിലേക്ക് ഒക്‌ടോബർ അവസാനത്തോടെ തന്നെ ജമ്മു കശ്‌മീർ പൊലീസ് എത്തിയിരുന്നു.
ഒക്‌ടോബറിൽ ശ്രീനഗർ അടക്കം കശ്‌മീരിൽ പലയിടത്തും പ്രത്യക്ഷപ്പെട്ട ജയ്‌ഷെ മുഹമദ് അനുകൂല പോസ്‌റ്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുപിയിലേക്കും ഫരീദാബാദിലേക്കും നീണ്ടത്. മൂന്ന് ഡോക്ടർമാരെ ചോദ്യംചെയ്‌തതിലൂടെ ലഭിച്ച വിവരങ്ങളിലൂടെ വൻ സ്‌ഫേ-ാടകവസ്‌തു ശേഖരം കണ്ടെടുക്കാനായി.
സംഘത്തിൽ പ്രധാനിയായ ഉമർ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. ഇയാൾക്കായി ലുക്ക്‌ഒൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടും ഗൗരവത്തിലുള്ള അന്വേഷണമോ ജാഗ്രതയോ ഡൽഹി പൊലീസിന്റെയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയോ ഭാഗത്തുനിന്നുണ്ടായില്ല. അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ സൂക്ഷ്‌മത പാലിച്ചിരുന്നെങ്കിൽ ഉമർ സ്‌ഫോടകവസ്‌തുക്കളുമായി ഡൽഹിയിലേക്ക് കടക്കില്ലായിരുന്നു. ഭീകരശൃംഖലയുമായി ബന്ധപ്പെട്ട മറ്റൊരു ഡോക്ടർ കൂടി ഇനി പിടിയിലാകാനുണ്ട്. ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് വ്യക്തം.
കൊണാട്ട് പ്ലെയ്‌സിലും മയൂർ വിഹാറിലുമെത്തി
ഡൽഹിയുടെ വിവിധ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങളുടെ കൺമുന്നിലൂടെ സഞ്ചരിച്ചു. തിരക്കേറിയ പ്രധാന ഷോപ്പിങ് കേന്ദ്രമായ കൊണാട്ട് പ്ലെയ്‌സിലും, മയൂർ വിഹാറിലും ഇൗ കാറെത്തി. പൊലീസ് 100ൽ അധികം സിസിടിവികൾ പരിശോധിച്ചാണ് ഇൗ ദൃശ്യങ്ങൾ കണ്ടെത്തിയത്. പകൽ രണ്ടിന് കാർ കൊണാട്ട് പ്ലെയ്‌സിലെ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു. ഇതിനുമുന്പും ശേഷവും കാർ മയൂർ വിഹാർ മേഖലയിലെത്തി.
ഡൽഹിയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലായിരുന്നു പുലർച്ചെ രണ്ടുമണിക്ക് ഇൗ കാർ. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിന്റെ സ്വിഫ്‌റ്റ് ഡിസയർ കാറിന്റെ അടുത്തായിരുന്നു ഐട്വന്റിയും ഉണ്ടായിരുന്നത്. അറസ്റ്റിലായ വനിതാ ഡോക്‌ടർ ഷഹീനിന്റെ പേരിലുള്ളതാണ് സ്വിഫ്‌റ്റ് കാർ. രാവിലെ 7.30ന് ഫരീദാബാദ് ഏഷ്യൻ ആശുപത്രിയുടെ സമീപത്തെത്തിയ കാർ 8.13ന് ബദർപുർ ടോൾ പ്ലാസ വഴി ഡൽഹിലേക്ക് കയറി. 8.20ന് ഓഖ്‌ലയിലെത്തി. തുടർന്ന് 2.30ന് കൊണാട്ട് പ്ലെയ്‌സിലും മയൂർ വിഹാറിലേക്കുമെത്തി. പകൽ 3.19 മുതൽ 6.22 വരെ ചെങ്കോട്ടയ്‌ക്ക് സമീപം നിർത്തിയിട്ടു. പിന്നീടാണ് പൊട്ടിത്തെറി ഉണ്ടായത്.
സ്‌ഫോടനമുണ്ടായത് ഉയർന്ന തീവ്രതയിൽ
ചൊങ്കോട്ടയ്‌ക്ക് മുന്നിൽ സ്‌ഫോടനമുണ്ടായത് ഉയർന്ന തീവ്രതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ. കൊല്ലപ്പെട്ടവരുടെ ആന്തരിക അവയവങ്ങൾക്കുൾപ്പെടെ കേടുപാടുകളുണ്ടായി. മിക്കവരുടെയും ശരീരം അരയ്‌ക്ക് മീതെ ചിതറിയ നിലയിലായിരുന്നു. നെഞ്ച് തകർന്നും തലയില്ലാതെയും മൃതദേഹങ്ങൾ ലഭിച്ചു.
പലരുടെയും ശ്വാസകോശവും വയറും കർണപടവും തകർന്ന നിലയിലായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മിക്കയാളുകളും മതിലുകളിലേക്കും നിലത്തേക്കും തെറിച്ച് വീണു. മതിലുകളിലേക്ക് ശക്തിയായി ചെന്നടിച്ചതും പരിക്കിന് കാരണമായി. കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്നോ വസ്‌ത്രത്തിൽനിന്നോ സ്‌ഫോടക വസ്‌തുവിന്റേതെന്ന് സ്ഥിരീകരിക്കാവുന്നതായുള്ള ഒന്നും കണ്ടെത്തിയില്ല. മൃതദേഹങ്ങളിൽ നിന്ന് ലഭിച്ച ചില ലോഹക്കഷണങ്ങൾ കൂടുതൽ പരിശോധനയ്‌ക്കയച്ചു.
വൻവീഴ്‌ചയെന്ന് പ്രതിപക്ഷം
ഡൽഹി സ്‌ഫോടനത്തിന് വഴിയൊരുക്കിയത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്ന് പ്രതിപക്ഷം . ഇന്റലിജൻസ്, സുരക്ഷാ സംവിധാനങ്ങളുടെ സന്പൂർണ പരാജയമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് സിപിഐ എം ഡൽഹി സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാണിച്ചു. സ്‌ഫോടനത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങളെ കുറിച്ച് നിഷ്‌പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്നും സിപിഐ എം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വീഴ്‌ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്‌ഷാ രാജിവെക്കണമെന്ന് തൃണമുൽകോൺഗ്രസ് ആവശ്യപ്പെട്ടു.
ഹീനമായ ആക്രമണമെന്ന് കേന്ദ്ര മന്ത്രിസഭ
ഡൽഹി സ്‌ഫോടനത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭായോഗം. നടന്നത് ഹീനമായ ഭീകരാക്രമണമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സ്‌ഫോടനം ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഭീകരാക്രമണമാണെന്ന് മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം ചേർന്നു. സുരക്ഷാസാഹചര്യങ്ങൾ യോഗം വിലയിരുത്തി.









0 comments