ഭീകരാക്രമണമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും 
ആർക്കെതിരെയും നടപടിക്ക്‌ കേന്ദ്രസർക്കാർ മുതിർന്നിട്ടില്ല

പഹൽഗാമിലെ സുരക്ഷാവീഴ്‌ച ; പരിഹാസ്യവാദവുമായി കേന്ദ്രം

Security Breach all party meeting
avatar
എം പ്രശാന്ത്‌

Published on Apr 26, 2025, 03:20 AM | 1 min read


ന്യൂഡൽഹി : ഭീകരാക്രമണ സാധ്യത എപ്പോഴും നിലനിൽക്കുന്ന കശ്‌മീരിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരു സുരക്ഷാഭടൻ പോലും ഇല്ലാതിരുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ സർവ്വകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ നൽകിയത്‌ പരിഹാസ്യമായ മറുപടി. ജമ്മു–-കശ്‌മീരിലെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്തം പൂർണമായും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനായിരിക്കെ പ്രാദേശിക അധികൃതരെ പഴിക്കാനാണ്‌ സർവകക്ഷി യോഗത്തിൽ കേന്ദ്രം ശ്രമിച്ചത്‌.


പഹൽഗാമിൽ നിന്ന്‌ ഏഴ്‌ കിലോ മീറ്റർ മാറിയുള്ള ബൈസരൻ പുൽമേട്ടിലേക്ക്‌ സഞ്ചാരികൾ എത്തിതുടങ്ങിയത്‌ അറിഞ്ഞില്ലെന്നാണ്‌ യോഗത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെയും ഇന്റലിജൻസ്‌ ബ്യൂറോയിലെയും ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. അമർനാഥ്‌ യാത്ര തുടങ്ങുന്ന ഘട്ടത്തിലാണ്‌ സാധാരണ ബൈസരൻ പുൽമേട്ടിലേക്ക്‌ സഞ്ചാരികളെ അനുവദിക്കാറുള്ളതെന്ന്‌ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. എന്നാൽ ഇത്തവണ ടൂർ ഓപ്പറേറ്റർമാർ നേരത്തെ തന്നെ ഇവിടേക്ക്‌ സഞ്ചാരികളെ എത്തിച്ചുതുടങ്ങി. ഇക്കാര്യം പ്രാദേശിക അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. അതുകൊണ്ടാണ്‌ സുരക്ഷയൊരുക്കാനാവാതെ പോയത്‌–- ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഭീകരാക്രമണ സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന്‌ യോഗത്തിൽ കേന്ദ്രസർക്കാറിന്‌ സമ്മതിക്കേണ്ടിവന്നു.


കേന്ദ്രത്തിന്റെ ഗുരുതര വീഴ്‌ചയും രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസവും ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ഉത്തരവാദികളായവർക്കെതിരായി നടപടിയും ആവശ്യപ്പെട്ടു. എന്നാൽ ഭീകരാക്രമണമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും ആർക്കെതിരെയും നടപടിക്ക്‌ കേന്ദ്രസർക്കാർ മുതിർന്നിട്ടില്ല. കാരണങ്ങളിലേക്ക്‌ ഗൗരവത്തിലുള്ള പരിശോധനയ്‌ക്കും സർക്കാർ തയ്യാറായിട്ടില്ല.


ലോകനേതാക്കൾ രാജ്യത്ത്‌ പര്യടനം നടത്തുന്ന വേളയിൽ കശ്‌മീരിൽ എപ്പോഴും സുരക്ഷാസ്ഥിതി വിലയിരുത്തുകയും ആക്രമണസാധ്യതയുള്ള മേഖലകളിൽ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നത്‌ പതിവാണ്‌. യുഎസ്‌ വൈസ്‌പ്രസിഡന്റ്‌ ജെ ഡി വാൻസ്‌ കുടുംബസമേതം ഇന്ത്യ സന്ദർശിക്കുന്ന ഘട്ടമായിട്ടും പതിവ്‌ സുരക്ഷാവിലയിരുത്തലിന്‌ അധികൃതർ മെനക്കെട്ടില്ല.


ഭീകരാക്രമണസാധ്യത ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ്‌ ഔട്ട്‌പോസ്‌റ്റും മറ്റും പതിവുള്ളതാണ്‌. ബൈസരനിൽ അത്തരം സംവിധാനവുമുണ്ടായില്ല.


ഭീകരാക്രമണത്തിന്‌ കാരണം സുരക്ഷാവീഴ്‌ചയാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കം ഉയർത്തുന്നു. പഹൽഗാമിലെ തദ്ദേശീയരായ ടൂറിസ്‌റ്റ്‌ ഗൈഡുകളുടെയും കുതിരക്കാരുടെയും സമയോചിത ഇടപെടലാണ്‌ വിനോസഞ്ചാരികൾക്ക്‌ ആക്രമണഘട്ടത്തിൽ അൽപ്പമെങ്കിലും ആശ്വാസമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home