പുൽവാമ, മണിപ്പുർ, ഡൽഹി... വീഴ്ചയുടെ തുടർച്ച

ന്യൂഡൽഹി
രാജ്യസുരക്ഷയെക്കുറിച്ച് വാചാലരാകുന്ന എൻഡിഎ സർക്കാരിന്റെ 11 വർഷത്തെ ഭരണത്തിനിടെ സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്‌ചകള്‍. പുൽവാമ ഭീകരാക്രമണവും മണിപ്പുർ സംഘർഷങ്ങളും വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവും ഇന്ത്യ–-ചൈന അതിർത്തിയിലെ ഏറ്റുമുട്ടലുകളും സംഭവിച്ചത് ബിജെപി ഭരണത്തിലാണ്.
പത്താൻകോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ 2016 ജനുവരിയിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് സൈനികർ വീരമൃത്യു വരിച്ചു. അതേവർഷം, സെപ്‌തംബറിൽ ജമ്മുകശ്‌മീരിലെ ഉറിയിൽ ഭീകരാക്രമണത്തിൽ 19 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.
ജമ്മു കശ്‌മീരിന്റെ ചരിത്രത്തിലെ രക്തരൂഷിതമായ വർഷമായിരുന്നു 2018 . നാട്ടുകാരായ 160പേരും 159 സുരക്ഷാഉദ്യോഗസ്ഥരും ഉൾപ്പടെ 586 പേർ ആ വർഷം ജമ്മു കശ്‌മീരിൽ കൊല്ലപ്പെട്ടു. 2019 ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫുകാരാണ് വീരമൃത്യു വരിച്ചത്. ഈ സംഭവത്തിലെ സുരക്ഷാ, ഇന്റലിജൻസ് വീഴ്‌ചകളെക്കുറിച്ച് ജമ്മു കശ്‌മീർ മുൻ ഗവർണറായിരുന്ന സത്യപാൽ മലിക് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ഗൽവാൻ താഴ്‌വരയില്‍ 2020 ജൂണിൽ ഇന്ത്യ–-ചൈന ഏറ്റുമുട്ടലിൽ 20 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നിലും വൻ ഇന്റലിജൻസ് പരാജയം ഉണ്ടായി. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. രണ്ടുവർഷത്തിലേറെയായി തുടരുന്ന മണിപ്പുർ കലാപത്തിന് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാരിന് ഇനിയും കഴിഞ്ഞി ട്ടില്ല.









0 comments