സംഘര്‍ഷഭീതി ; പാകിസ്ഥാനെ ലക്ഷ്യമിട്ട് സൈനികാഭ്യാസങ്ങൾ

ന്യൂഡൽഹി : പഹൽഗാമിൽ നിരപരാധികളെ കൂട്ടക്കൊലചെയ്‌ത ഭീകരരുടെ നടപടിക്ക് ബദലായി നയതന്ത്രയുദ്ധം പ്രഖ്യാപിച്ച ഇന്ത്യ, പാകിസ്ഥാനെ ലക്ഷ്യമിട്ട് സൈനികാഭ്യാസങ്ങൾ തുടങ്ങി. അതിർത്തിസംബന്ധിച്ച ഷിംല കരാർ റദ്ദാക്കി പ്രതികരിച്ച പാകിസ്ഥാനും സൈനികാഭ്യാസവുമായി ശക്തിപ്രകടനത്തിന് കോപ്പുകൂട്ടവെ ഇന്ത്യൻ ഉപഭൂഖണ്ഡം സംഘർഷഭീതിയിൽ. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ എല്ലാ ഭീകരരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
സിന്ധു നദീജലക്കരാർ മരവിപ്പിച്ച ഇന്ത്യൻ നടപടിയിൽ പകച്ച പാകിസ്ഥാൻ, തങ്ങൾക്ക് ലഭിക്കേണ്ട ജലം തടയുന്നതിനോ വഴിതിരിച്ചുവിടുന്നതിനോ ഉള്ള ശ്രമം യുദ്ധമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ജമ്മു കശ്‌മീർ സന്ദർശിക്കുന്നതിൽനിന്ന് സ്വന്തംപൗരരെ അമേരിക്ക വിലക്കി.
വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇന്ത്യയുടെ നിലപാട് വിശദീകരിച്ചു.
ഇന്ത്യയുടെ നടപടി
● ‘ഓപ്പറേഷൻ ആക്രമൺ’ എന്ന പേരിൽ റഫാൽ യുദ്ധവിമാനം അണിനിരത്തി വ്യോമസേന അഭ്യാസപ്രകടനം നടത്തി
● നാവികസേന യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്തിനെ പുറംകടലിൽ വിന്യസിച്ചു
● ഐഎൻഎസ് സൂറത്ത് അറബിക്കടലിൽ മിസൈൽ പരീക്ഷണം നടത്തി
● വാഗ–-അട്ടാരി, ഹുസൈനിവാല, സഡ്‌കി എന്നിവിടങ്ങളിലെ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്‌എഫ് വെട്ടിക്കുറച്ചു
● അതിർത്തി ഗേറ്റ് തുറക്കുന്നതും ഇരുരാജ്യങ്ങളിലെയും ഗാർഡ് കമാൻഡർമാർ പരസ്‌പരം ഹസ്‌തദാനം നടത്തുന്നതും ഒഴിവാക്കി.
● പാകിസ്ഥാൻ എംബസിയിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സിന്ധു നദീജലക്കരാർ മരവിപ്പിച്ചത് അറിയിച്ചു
● എല്ലാ പാക് പൗരൻമാർക്കുമുള്ള വിസ ഇന്ത്യ റദ്ദാക്കി. സാർക്ക് വിസയുള്ളവരും മെഡിക്കൽ വിസക്കാരും ഇന്ത്യ വിടണം
● പാക് ഹൈകമീഷൻ ഓഫീസിന്റെ സുരക്ഷ പിൻവലിച്ചു
● പാക് നടൻ ഫവാദ്‌ഖാന്റെ സിനിമ ‘അബിർ ഗുലാലി’ന് പ്രദർശനാനുമതി നിഷേധിക്കും
●പാക് സർക്കാരിന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ട് വിലക്കി
● ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടക്കം പല ലോക നേതാക്കളും പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ചു
● കരസേന മേധാവി ഇന്ന് ശ്രീനഗറിൽ
● അട്ടാരി അതിർത്തി അടച്ചു
പാകിസ്ഥാന്റെ നടപടി
●ഷിംല കരാറിൽനിന്ന് പിന്മാറി
● ഇന്ത്യക്ക് വ്യോമപാത അടച്ചു
● എല്ലാ വ്യാപാരബന്ധവും റദ്ദാക്കി
● ഇന്ത്യക്കാർക്ക് വിസ അസാധുവാക്കി
● വാഗാ അതിർത്തി അടച്ചു
● ഇന്ത്യൻ ഹൈകമീഷനിലെ അംഗങ്ങളുടെ എണ്ണം ചുരുക്കി
● മൂന്ന് സേനാ ഉപദേശകരെയും ജീവനക്കാരെയും പുറത്താക്കി
● മിസൈൽ പരീക്ഷണം പ്രഖ്യാപിച്ചു
● നാവിക കപ്പലുകൾ വിന്യസിച്ചു









0 comments