ഹിമാചലിൽ ദളിത് വിദ്യാർഥിയുടെ പാന്റ്‌സിനുള്ളിൽ അധ്യാപകർ തേളിനെയിട്ടു; പരാതിപ്പെട്ടാൽ കൊന്നുകത്തിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സർക്കാർ സ്‌കൂളിൽ എട്ടുവയസ്സുകാരനായ ദളിത് വിദ്യാർഥിക്ക് അധ്യാപകരുടെ ക്രൂര പീഡനം. അധ്യാപകർ വിദ്യാർഥിയെ മർദിച്ചവശനാക്കിയശേഷം പാന്റ്‌സിനുള്ളിൽ തേളിനെ ഇട്ടു.
പരാതിപ്പെട്ടാൻ കുട്ടിയെ കൊന്നുകത്തിക്കുമെന്നും പ്രധാനാധ്യാപകനായ ദേവേന്ദ്ര ഭീഷണി മുഴക്കിയെന്നും വിദ്യാർഥിയുടെ അച്ഛൻ പരാതിയിൽ പറഞ്ഞു. ഷിംലയിലെ ഖദ്ദപാനി ഗവ. പ്രൈമറി സ്‌കൂളിലെ എട്ടുവയസുകാരനാണ് കൊടിയ മർദനത്തിനും ജാതിവിവേചനത്തിനും ഇരയായത്. അധ്യാപിക കൃതിക ഠക്കറും അധ്യാപകൻ ബാബു റാമുമാണ് കുട്ടിയെ മർദിച്ച് ശരീരത്തിൽ തേളിനെയിട്ടത്. സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്‌തിട്ടില്ല.
മര്‍ദനമേറ്റ് കുട്ടിയുടെ കർണ്പുടം പൊട്ടി ചോരവന്നു. ദളിത് വിദ്യാർഥികളെ മാത്രം മാറ്റിയിരുത്തിയാണ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരാഴ്‌ച മുന്പാണ് ഹിമാചലിലെ ഗവാനയിലെ സ്‌കൂളിൽ ദളിത് വിദ്യാർഥിയെ മുള്ളുതറച്ച കന്പുകൊണ്ട് അധ്യാപകൻ മർദിച്ചത്.








0 comments