Deshabhimani

ഡി വൈ ചന്ദ്രചൂഡ് ഔദ്യോ​ഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി

dy chandrachood supreme court
വെബ് ഡെസ്ക്

Published on Jul 06, 2025, 12:47 PM | 2 min read

ന്യൂഡൽഹി : ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ ഒഴിയണമെന്ന് സുപ്രീംകോടതി നിർദേശം. ഇതു സംബന്ധിച്ച് സുപ്രീംകോടതി ഭവന, നഗരകാര്യ മന്ത്രാലയത്തിന് (MoHUA) കത്തയച്ചു. കാലാവധി കഴിഞ്ഞിട്ടും ഡി വൈ ചന്ദ്രചൂഡ് ഔദ്യോ​ഗിക വസതിയിൽ തുടരുന്നത് കാണിച്ചാണ് നടപടി. ബംഗ്ലാവ് ഒഴിപ്പിച്ച് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഡൽഹിയിലെ കൃഷ്ണ മേനോൻ മാർഗിലുള്ള 5-ാം നമ്പർ ബംഗ്ലാവിലാണ് ഡി വൈ ചന്ദ്രചൂഡ് താമസിക്കുന്നത്.


സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർക്ക് ഇതുവരെ സർക്കാർ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്നും കത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മൂന്ന് പേർ ട്രാൻസിറ്റ് അപ്പാർട്ട്‌മെന്റുകളിലും ഒരാൾ സംസ്ഥാന ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നത്. 2022 ലെ സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) ചട്ടങ്ങളിലെ റൂൾ 3B പ്രകാരം നിർവചിച്ചിരിക്കുന്ന അനുവദനീയമായ കാലയളവിനപ്പുറം ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോ​ഗിക വസതിയിൽ താമസിച്ചതായി കോടതി ചൂണ്ടിക്കാട്ടി. നവംബറിൽ വിരമിച്ച ചന്ദ്രചൂഡിന് ആറുമാസം കൂടി ഔദ്യോ​ഗിക വസതിയിൽ തുടരാൻ അനുവാദം നൽകിയിരുന്നു. ഇതും മെയ് 31 ന് അവസാനിച്ചു.


വ്യക്തിപരമായ സാഹചര്യങ്ങളാണ് താമസത്തിന് കാരണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ 14 തുഗ്ലക്ക് റോഡിൽ ബദൽ താമസസ്ഥലം അനുവദിച്ചിട്ടുണ്ടെന്നും കാര്യമായ നവീകരണം ആവശ്യമായി വന്നതിനാലാണ് താമസം നേരിട്ടതെന്നുമാണ് ചന്ദ്രചൂഡിന്റെ വിശദീകരണം. 2024 ഡിസംബറിലാണ് കൃഷ്ണ മേനോൻ മാർഗ് ബംഗ്ലാവിൽ 2025 ഏപ്രിൽ 30 വരെ താമസിക്കാൻ ജസ്റ്റിസ് ചന്ദ്രചൂഡ് അനുമതി തേടിയിരുന്നത്. മെയ് 31 വരെ കാലാവധി നീട്ടണമെന്ന് പിന്നീട് വാക്കാൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്തിമ കാലാവധിയും കഴിഞ്ഞുവെന്ന് സുപ്രീം കോടതി കത്തിൽ വ്യക്തമാക്കി. വിരമിച്ച ചീഫ് ജസ്റ്റിസിന് വിരമിച്ചതിന് ശേഷമുള്ള ആറ് മാസത്തേക്ക് ടൈപ്പ് VII താമസത്തിന് മാത്രമേ റൂൾ 3B പ്രകാരം അർഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർക്ക് വിരമിക്കലിനു ശേഷമുള്ള കാലാവധി നീട്ടിനൽകൽ അസാധാരണമല്ലെങ്കിലും, നടപടിയെടുക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിൽ ഔദ്യോഗികമായി സമ്മർദ്ദം ചെലുത്തുന്നത് അപൂർവമാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ വസതി ഒഴിയുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home