കരാറെല്ലാം ബിജെപി മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക്; കേന്ദ്രം മൂന്നാഴ്‌ചക്കുള്ളിൽ മറുപടി നൽകണം


സ്വന്തം ലേഖകൻ
Published on Sep 09, 2025, 12:00 AM | 1 min read
ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ പൊതുമരാമത്ത് കരാറുകൾ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ അടുപ്പക്കാർക്കും ബന്ധുക്കൾക്കും മാത്രം നൽകുന്നെന്ന ഹർജിയിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് സുപ്രീംകോടതി. കേസിൽ കക്ഷിയല്ലെന്ന കേന്ദ്രസർക്കാർ വാദം തള്ളിയ ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാൻ ഉത്തരവിട്ടു.
കേന്ദ്ര ആഭ്യന്തര, ധനമന്ത്രാലയങ്ങൾ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 18നും ആവശ്യപ്പെട്ടിരുന്നെങ്കിലും മന്ത്രാലയങ്ങൾ സമർപ്പിച്ചിട്ടില്ല. അവസാന അവസരമാണ് നൽകുന്നത്– സുപ്രീംകോടതി പറഞ്ഞു.
സേവ് മോൺ റീജിയൺ ഫെഡറേഷനാണ് പൊതുതാൽപ്പര്യ ഹർജിയിൽ സമർപ്പിച്ചത്. ഖണ്ഡുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ മെസ്സേഴ്സ് ബ്രാൻഡ് ഈഗിൾസിനും ടെൻഡറില്ലാതെ കരാർ നൽകി്യിട്ടുണ്ട്. പേമ ഖണ്ഡുവിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ദോർജി ഖണ്ഡുവിന്റെ രണ്ടാം ഭാര്യ റിഞ്ചിൻ ഡ്രെമ, അനന്തരവൻ സെറിങ് താഷി എംഎൽഎ എന്നിവരും കരാറുകൾ സ്വന്തമാക്കി. എസ്‌ഐടി അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം.
കോൺഗ്രസ് മുഖ്യമന്ത്രിയായിക്കെ 43 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേക്കേറിയ പേമ ഖണ്ഡു മുഖ്യമന്ത്രിയായി തുടരുകയാണ്.









0 comments