പൊലീസ് സ്റ്റേഷനിലെ സിസിടിവി സംവിധാനം പരിഷ്കരിക്കാൻ സുപ്രീം കോടതി; ഏകീകൃത കൺട്രോൾ റൂം വേണം

ന്യൂഡല്‍ഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി പൊതു കണ്‍ട്രോൾ റൂം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി. പോലീസുകാരുടെ നിയന്ത്രണത്തിന് പുറത്തുള്ള സംവിധാനം പരിഗണിക്കും. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
പോലീസ് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യുകയോ റെക്കോർഡിംഗുകൾ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു മാർഗം അത്തരമൊരു നടപടിയാണെന്നും പറഞ്ഞു. ഈ സംവിധാനം സജ്ജീകരിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലുള്ള ഒരു സ്വതന്ത്ര ഏജൻസിയെ ഉൾപ്പെടുത്താമെന്നും കോടതി നിർദ്ദേശിച്ചു.
രാജ്യത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായതായ ദൈനിക് ഭാസ്‌കർ റിപ്പോർടിന് തുടർച്ചയായാണ് പ്രശ്നത്തിൽ സുപ്രീം കോടതി ഇടപെട്ടത്. സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാവുന്നു എന്നതും ചൂണ്ടികാണിക്കപ്പെട്ടു. ഇവ പരിഗണിച്ച് ഈ മാസം ആദ്യം സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു. ഇതിൽ വാദം കേൾക്കവെയാണ് പരാമർശങ്ങൾ.
"സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലങ്ങൾ നല്‍കും. എന്നാല്‍ നാളെ ഉദ്യോഗസ്ഥര്‍ അത് ഓഫ് ചെയ്യാനുള്ള സാധ്യത ഉണ്ട്'' ജസ്റ്റിസ്മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിസിടിവികളുടെ പ്രവര്‍ത്തനത്തിനായി ഒരു ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനവും ഇതിനകത്ത് ഏര്‍പ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഏജന്‍സികള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യവും പരിഗണനയിൽ ആണെന്നും കോടതി അറിയിച്ചു.
2020 ൽ പരംവീർ സിംഗ് സൈനി vs. ബൽജിത് സിംഗ് & മറ്റുള്ളവർ എന്ന കേസ് പരിഗണിക്കവെയാണ് പോലീസ് സ്റ്റേഷനുകളിൽ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ (സിസിടിവി) സ്ഥാപിക്കുന്നത് നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും നൈറ്റ് വിഷൻ ക്യാമറകളുള്ള സിസിടിവികൾ സ്ഥാപിക്കാൻ കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു.
വിധി നടപ്പാക്കത്തവരിൽ കേന്ദ്ര സർക്കാരും
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), റവന്യൂ ഇന്റലിജൻസ് വകുപ്പ് (ഡിആർഐ), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ), ആളുകളെ ചോദ്യം ചെയ്യുന്ന മറ്റ് കേന്ദ്ര ഏജൻസി ഓഫീസ് എന്നിവയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
കേന്ദ്ര സർക്കാർ തന്നെ കോടതിയുടെ നിർദ്ദേശങ്ങൾ ഇതുവരെ പാലിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ദവേ ചൂണ്ടികാട്ടി. " -നാല് അന്വേഷണ ഏജൻസികളുള്ള യൂണിയൻ ഓഫ് ഇന്ത്യ പാലിച്ചിട്ടില്ല എന്നതാണ് വ്യക്തമായ വസ്തുത" അദ്ദേഹം പറഞ്ഞു.
ദൃഢമായ തെളിവുകളോ വിശ്വസനീയമായ പൊതു സാക്ഷി മൊഴികളോ ഇല്ലാതെ, മുഖം തിരിച്ചറിയൽ പ്രക്രിയയുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതായി ഡൽഹി പൊലീസിന് എതിരെ അന്വേഷണ റിപ്പോർട് ഉണ്ടായിരുന്നു. വീഡിയോ, ഇമേജ് എൻഹാൻസ്മെന്റ് ടൂളുകൾ (ആംപ്ഡ് സോഫ്റ്റ്‌വെയർ ആംപ്ഡ് ഫൈവ്), ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ (ഇന്നെഫു ലാബ്‌സിന്റെ എഐ വിഷൻ) എന്നിവയുൾപ്പെടെ ഉപയോഗിച്ച് പ്രതികളെ നിശ്ചയിക്കയും ക്രൂരമായ മർദ്ദനത്തിലൂടെ കുറ്റ സമ്മതം നടത്തിക്കയും ചെയ്യുന്നു എന്നായിരുന്നു റിപ്പോർട്.
കോടതി കേസ് സെപ്റ്റംബർ 22 ന് ഉത്തരവുകൾക്കായി പോസ്റ്റ് ചെയ്തു.









0 comments