സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ഹൈക്കോടതി നടപടി മരവിപ്പിച്ച് സുപ്രീം കോടതി

sofiya qureshi
വെബ് ഡെസ്ക്

Published on May 28, 2025, 02:52 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന് മധ്യപ്രദേശ് സംസ്ഥാന മന്ത്രി വിജയ് ഷായ്‌ക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. സമാന്തര നടപടികൾ ആവശ്യമില്ലെന്ന വിലിയിരുത്തലിലാണ് മധ്യപ്രദേശ് ഹൈക്കോടതിയോട് വിജയ് ഷായ്‌ക്കെതിരായ നടപടികൾ നിർത്തി വെക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം മധ്യപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

 

മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ സമാന്തര നടപടികൾ നടക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചിരുന്നു. വിഷയം ഇപ്പോൾ പരിഗണിനയിൽ ആയതിനാൽ ഹൈക്കോടതിക്ക് മുമ്പാകെയുള്ള നടപടികൾ അവസാനിപ്പിച്ചതായി സുപ്രീം കോടതി പറഞ്ഞു. ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്യുന്നത് ഉൾപ്പെടെ മെയ് 19 ന് പുറപ്പെടുവിച്ച ഇടക്കാല നിർദ്ദേശങ്ങൾ നീട്ടി. ജൂലൈ രണ്ടാം വാരത്തിലേക്ക് കേസ് കൂടുതൽ വാദം കേൾക്കാൻ മാറ്റി.


മെയ് 19 ന് മന്ത്രി ഷായെ സുപ്രീം കോടതി നിശിതമായി വിമർശിച്ചിരുന്നു. അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഇട്ട് അന്വേഷിക്കാൻ മൂന്നംഗ എസ്‌ഐടി രൂപീകരിക്കുകയും ചെയ്തു.

 

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള മാധ്യമസമ്മേളനത്തിനിടെ വനിതാ ഓഫീസറായ വിംഗ് കമാൻഡർ വ്യോമിക സിങ്ങിനൊപ്പം ശ്രദ്ധ നേടിയ കേണൽ ഖുറേഷിക്കെതിരെ ആക്ഷേപകരവും വർഗ്ഗീയ വിവേചനത്തോടെയുമുള്ള പരാമർശങ്ങളാണ് മന്ത്രി നടത്തിയത്. ഇത് വീഡിയോ സഹിതം പ്രചരിച്ചു.


കേണൽ ഖുറേഷിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിനും അശ്ലീല ഭാഷ ഉപയോഗിച്ചതിനും മധ്യപ്രദേശ് ഹൈക്കോടതിയും ഷായെ ശാസിച്ചിരുന്നു. ശത്രുതയും വിദ്വേഷവും വളർത്തിയതിന് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ പോലീസിനോട് ഉത്തരവിടുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home