പ്രതിപക്ഷ എംഎൽസിയുടെ മക്കളുടെ ജയിൽ മോചനം തടയാൻ തുടർച്ചയായി എഫ് ഐ ആർ ; ഇനി അറിയിച്ചിട്ട് മതി അറസ്റ്റ് എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രീയ ശത്രുത തീർക്കാൻ തുടർച്ചയായി എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് പ്രതിപക്ഷ നിയമസഭാംഗത്തിന്റെ മക്കളുടെ ജയിൽ മോചനം തടഞ്ഞ ഉത്തർ പ്രദേശ് സർക്കാർ നടപടിക്കെതിര സുപ്രീം കോടതി.
കോടതിയുടെ അനുമതിയില്ലാതെ പ്രതികളെ തുടർന്നുള്ള ഒരു എഫ്‌ഐആറിലും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവ് നൽകി. ജയിലിൽ തുടരുന്നത് ഉറപ്പാക്കാൻ, ജാമ്യം ലഭിക്കുമ്പോഴെല്ലാം യുപി പോലീസ് പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയാണെന്ന് കാണിച്ച് മീററ്റ് മുൻ എംഎൽസി ഹാജി ഇഖ്ബാൽ ബാലയുടെ മക്കളാണ് കോടതിയെ സമീപിച്ചത്.
ഇനി ഒരു എഫ്‌ഐആറിലും ഹർജിക്കാരെ അറസ്റ്റ് ചെയ്യരുത് എന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. എസ്‌സി/എസ്ടി ആക്ട്, ഐപിസി എന്നീ വകുപ്പുകൾ പ്രകാരം പോലീസ് ഇതിനകം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉത്തരവ് നൽകുകയും ചെയ്തു.
ബി എസ് പി നേതാവായ ഹാജി ഇഖ്ബാൽ ബാലയുടെ നാല് മക്കളായ ജാവേദ്, വാജിദ്, അഫ്സൽ, അലിഷൻ എന്നിവരെ കോടതി ഉത്തരവ് പ്രകാരം സഹാറൻപൂർ ജില്ലാ ജയിലിൽ നിന്ന് മോചിപ്പിച്ചു. 2022 മുതൽ ഒന്നിലധികം കേസുകളിൽ ഇവർ ജയിലിലായിരുന്നു. ഏതെങ്കിലും കേസിൽ ജാമ്യം ലഭിക്കുമ്പോൾ വീണ്ടും ഏതെങ്കിലും കേസിൽ അകപ്പെടുത്തി തിരികെ എത്തിക്കയായിരുന്നു.
അവസാനമായി ഓഗസ്റ്റ് 12 ന് ഹൈക്കോടതി ഹർജിക്കാർക്ക് ഐപിസി 376 ഡി/323/506 വകുപ്പുകൾ പ്രകാരമുള്ള കേസിൽ ജാമ്യം അനുവദിച്ചു. പക്ഷെ ഓഗസ്റ്റ് 13 ന് യുപി പോലീസ് മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷൻ 3(1)(ബി), 3(1)(ഡി) എന്നിവ പ്രകാരം 2015 ഭേദഗതിയോടെയും ഐപിസി വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ജയിലിലാക്കി.
യുപി പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കയും ചെയ്തു. ഹർജിക്കാരുടെ പിതാവ് ബഹുജൻ സമാജ് പാർട്ടിയിൽ നിന്നുള്ള ഉത്തർപ്രദേശിലെ എംഎൽസി ആയിരുന്നു. ഭരണകക്ഷിയായ ബിജെപിയുടെ നിർദ്ദേശപ്രകാരം പോലീസ് തങ്ങളെ ലക്ഷ്യം വച്ചതായി പരാതിയിൽ ചൂണ്ടികാട്ടി. സർക്കാർ മാറിയതിനുശേഷം അവർക്കെതിരെ 33 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂമാഫിയകളുമായി ചേർന്ന് സ്വത്തുക്കൾ കൈയേറിയതായും പരാതിപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി, എസ്എഫ്‌ഐഒ, ആദായനികുതി വകുപ്പ് എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഹാജി ഇഖ്ബാൽ ബാല. ഏകദേശം 40 കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാദേശിക ക്രിക്കറ്റ് പ്ലെയർ ആയ മകൻ റമീസിന്റെ ഭാര്യ 2022 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ഒരേ ആരോപണങ്ങളിൽ തുടർച്ചയായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്ന രീതി ജുഡീഷ്യൽ പ്രക്രിയയെ ദുർബലപ്പെടുത്തുകയും പ്രതിയുടെ അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കോടതികൾ നൽകുന്ന ജാമ്യത്തിന്റെ ഉദ്ദേശ്യം പരാജയപ്പെടുത്തുന്നതിന് ഒന്നിലധികം എഫ്‌ഐആറുകൾ ഫയൽ ചെയ്യുന്ന സമാന കേസുകളിലും ഈ വിധി സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു.









0 comments