‘നേതൃത്വത്തിന് തൻ്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്ത അഭിപ്രായം കാണും’; കോൺഗ്രസിനെ വെട്ടിലാക്കി തരൂർ

തിരുവനന്തപുരം: എംപിമാരുടെ വിദേശ പര്യടന വിഷയത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ. ഓപ്പറേഷൻ സിന്ദുറുമായി ബന്ധപ്പെട്ട് വിദേശരാജ്യ പര്യടനം നടത്തുന്ന സർവകക്ഷി സംഘത്തിൽ കോൺഗ്രസ് നൽകിയ പേരുകൾ വെട്ടിയാണ് കേന്ദ്ര സർക്കാർ ശശി തരൂരിനെ പരിഗണിച്ചത്. ഇതിൽ പ്രതികരണവുമായാണ് ഇപ്പോൾ ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.
സർക്കാർ വിളിച്ചു, ഞാൻ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലാണെന്നും ശശി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിവാദത്തെ കുറിച്ച് തനിക്കറിയില്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് തൻ്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണുമെന്നും എംപി വ്യക്തമാക്കി.
‘കേന്ദ്രസർക്കാരിൽ നിന്ന് പാർലമെൻ്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെ കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭാരതം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണം. കോൺഗ്രസ് നേതൃത്വത്തിന് തൻ്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആർക്കും എന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താൻ പോകും’– ശശി തരൂർ പറഞ്ഞു.
Related News
കോൺഗ്രസിന് വേണ്ടി രാഹുൽഗാന്ധി നൽകിയ പട്ടികയിൽ ശശി തരൂർ ഇല്ലായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം വിവരം പുറത്തുവിട്ടത്. ഈ വിവരം എന്തിനാണ് പുറത്തുവിട്ടത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഇത് അവരോട് ചോദിക്കുന്നു, എന്നോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല’ എന്നായിരുന്നു തരൂരിന്റെ മറുപടി.
യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾ ഉള്‍പ്പടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ സന്ദർശിക്കാൻ ഏഴ് സര്‍വ്വകക്ഷി സംഘങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിനായി പ്രതിനിധികളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാർ പ്രതിപക്ഷം ഉൾപ്പെടെ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നല്‍കിയത് നാലുപേരടങ്ങുന്ന പട്ടികയാണ്. ഇതിൽ ശശി തരൂർ ഉണ്ടായിരുന്നില്ല. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഡോ. സയീദ് നസീര്‍ ഹുസൈന്‍ എം പി, രാജാ ബ്രാർ എം പി എന്നിവരെയാണ് പാർടി ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തി നൽകിയിരുന്നത്.
ഈ മാസം അവസാനത്തോടെയാകും സന്ദര്‍ശനം. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും നേരിടുന്നതിനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തോടുള്ള സമീപനം ഈ സര്‍വ്വകക്ഷി സംഘങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിൽ ഉയര്‍ത്തിക്കാട്ടും എന്നാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നത്.
ഏഴ് സംഘങ്ങളില്‍ ഒന്നിനെ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ ആയിരിക്കും ഇതു പ്രകാരം നയിക്കുക. രവി ശങ്കര്‍ പ്രസാദ് (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), ബൈജയന്ത് പാണ്ഡെ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത് ഏക്നാഥ് ഷിന്ദേ (ശിവസേന) എന്നിവരാണ് മറ്റു ആറ് പ്രതിനിധി സംഘത്തെ നയിക്കുക.
0 comments