ഭരണഘടനയെപ്പറ്റി ആര്‍എസ്എസിന് പഴയ നിലപാടല്ലെന്ന് തരൂര്‍


സ്വന്തം ലേഖകൻ
Published on Jun 30, 2025, 02:25 AM | 1 min read
ന്യൂഡൽഹി
: ഭരണഘടനയിൽനിന്ന് മതനിരപേക്ഷതയും സോഷ്യലിസവും വെട്ടണമെന്ന് ആവശ്യപ്പെട്ട ആർഎസ്‌എസിനെ വെള്ളപൂശി കോൺഗ്രസ് നേതാവ് ശശി തരൂർ. മനുസ്‌മൃതിയുടെ ആശയങ്ങൾ ഉൾക്കൊള്ളാത്തതിന് ഭരണഘടനയെ എതിർത്ത നിലപാട് ഇപ്പോൾ ആർഎസ്‌എസിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദിലെ പരിപാടിയിലായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗത്തിന്റെ പരാമർശം.
ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോൾ ഏറ്റവും വലിയ പോരായ്‌മ അതിൽ മനുസ്‌മൃതിയുടെ അംശങ്ങളില്ലെന്നാന്ന് ഗോൾവാൾക്കറടക്കമുള്ളവർ പറഞ്ഞതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ചരിത്രപരമായി ശരിയാണെന്ന് തരൂർ പറഞ്ഞു. എന്നാൽ, ആർഎസ്‌എസ് ആ നിലപാടിൽനിന്ന് ഇപ്പോൾ മുന്നോട്ടുപോയെന്നാണ് തോന്നുന്നത്. എന്താണ് ഇപ്പോഴത്തെ നിലപാടെന്ന് ആർഎസ്‌എസ് തന്നെയാണ് പറയേണ്ടത് –-തരൂർ പറഞ്ഞു.
മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനയിൽനിന്ന് നീക്കണമെന്ന് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടിരുന്നു. മനുസ്‌മൃതി നടപ്പാക്കാനാണ് ആർഎസ്‌എസ് ശ്രമമെന്നായിരുന്നു വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണം.
സംഘടനാ നിലപാടിനെയും രാഹുൽ ഗാന്ധിയെയും പരസ്യമായി തരൂർ വീണ്ടും തള്ളിയത് ആഭ്യന്തര ഭിന്നത കൂടുതൽ വെളിവാക്കുന്നതായി. കോൺഗ്രസ് നിലപാട് വകവയ്‌ക്കാതെയാണ് ഓപ്പറേഷൻ സിന്ദൂർ നടപടി വിശദീകരിക്കാൻ തരൂര്‍ വിദേശത്തേക്ക് പോയത്. തിരിച്ചെത്തിയ അദ്ദേഹത്തെ കാണാൻ ഹൈക്കമാന്‍ഡ് വിസമ്മതിച്ചു. ചിലർക്ക് രാജ്യത്തെക്കാൾ മോദിയോടാണ് താൽപ്പര്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തരൂരിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്‌തു.









0 comments