വിജ്‌ഞാപനം പരുത്തി കൃഷിയുള്ള ഗ്രാമങ്ങളിൽ കത്തിക്കും , കേന്ദ്രനീക്കം പരുത്തി കൃഷി മേഖലയിലെ 60 ലക്ഷം കർഷകരെ ദോഷകരമായി ബാധിക്കും
പരുത്തി ഇറക്കുമതിയുടെ തീരുവ ഒഴിവാക്കൽ ; സംയുക്ത കിസാൻമോർച്ച പ്രക്ഷോഭത്തിന്

സംയുക്ത കിസാൻ മോർച്ച നടത്തിയ വാർത്താസമ്മേളനത്തിൽ അഖിലേന്ത്യ കിസാൻ സഭ ട്രഷറർ പി കൃഷ്ണപ്രസാദ് സംസാരിക്കുന്നു
ന്യൂഡൽഹി
പരുത്തിയുടെ 11 ശതമാനം ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരായി സംയുക്ത കിസാൻമോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. ഇറക്കുമതി തീരുവ എടുത്തുകളഞ്ഞുള്ള വിജ്‌ഞാപനം പരുത്തികൃഷിയുള്ള ഗ്രാമങ്ങളിൽ കർഷകർ കത്തിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്‌തംബർ ഒന്ന്, രണ്ട്,മൂന്ന് തീയതികളിൽ ഗ്രാമങ്ങളിൽ പൊതുയോഗങ്ങൾ വിളിച്ചുചേർക്കും. വിജ്‌ഞാപനം പിൻവലിക്കണമെന്നും പരുത്തിയുടെ താങ്ങുവില സ്വാമിനാഥൻ ശുപാർശപ്രകാരം ക്വിന്റലിന് 10075 രൂപയായി നിശ്‌ചയിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ പാസാക്കും. പ്രമേയങ്ങൾ പ്രധാനമന്ത്രിക്ക് അയക്കും.
ഗ്രാമസഭകൾ വിളിച്ചുചേർക്കാൻ കർഷകർ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടും. ഗ്രാമസഭകളിലും പ്രമേയങ്ങൾ പാസാക്കും. ഒപ്പുശേഖരണവും വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണവും സംഘടിപ്പിക്കും. കൂട്ടനിവേദനം രാഷ്ട്രപതിക്ക് കൈമാറും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ പരുത്തികൃഷിയുള്ള 11 സംസ്ഥാനങ്ങളിലും മണ്ഡലാടിസ്ഥാനത്തിൽ മഹാപഞ്ചായത്തുകൾ വിളിച്ചുചേർക്കും. എംപിമാരുടെ വസതികളിലേക്കും ഓഫീസുകളിലേക്കും മാർച്ചുകൾ സംഘടിപ്പിക്കും.
പരുത്തികർഷകരുടെ കൂട്ടആത്മഹത്യ റിപ്പോർട്ടു ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ വിദർഭ മേഖല സെപ്‌തംബർ 17, 18 തീയതികളിൽ കിസാൻമോർച്ച നേതാക്കൾ സന്ദർശിക്കും.
പരുത്തികൃഷി മേഖലയിൽ അറുപത് ലക്ഷം കർഷകരുണ്ടെന്നും ഇറക്കുമതി തീരുവ എടുത്തുകളഞ്ഞത് മേഖലയെ ദോഷകരമായി ബാധിക്കുമെന്നും കിസാൻമോർച്ച നേതാക്കളായ ഹന്നൻ മൊള്ള, രാകേഷ് ടിക്കായത്ത്, പി കൃഷ്‌ണപ്രസാദ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.









0 comments