സംഭലിൽ സർവേ തുടരാം: ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി, മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

അലഹബാദ് : ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിൽ സർവേ തുടരാമെന്ന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. സർവേയ്‌ക്ക് ഉത്തരവിട്ട സിവിൽ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. സിവിൽ കോടതി ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. സിംഗിൾ ജഡ്‌ജി രോഹിത് രഞ്ജൻ അഗർവാളാണ് ഉത്തരവ് ശരിവച്ചത്.
മുമ്പ് മസ്ജിദിലെ സർവേയ്‌ക്കായി സിവിൽ കോടതി കമീഷണറെ നിയമിച്ചിരുന്നു. ഇതിനെതിരെയാണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയത്. സിംഗിൾ ജഡ്‌ജി രോഹിത് രഞ്ജൻ അഗർവാളാണ് ഉത്തരവ് ശരിവച്ചത്. 1991 ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്‌തുള്ള ഹർജികൾ പരിഗണിക്കുന്നതിനാൽ സുപ്രീംകോടതി രാജ്യത്തെ എല്ലാ സർവേ നടപടികളും നിർത്തിവച്ചിരിക്കുന്നതിനാൽ വിധി തൽക്കാലം മസ്‌ജിദിനെ ബാധിക്കില്ല.
തീവ്രഹിന്ദുത്വ സംഘടനകൾ കഴിഞ്ഞ വർഷം നൽകിയ ഹർജിക്ക് പിന്നാലെയാണ് ചരിത്രപ്രസിദ്ധമായ ഷാഹി ജുമാ മസ്ജിദിൽ കലാപമുണ്ടായത്. ക്ഷേത്രം തകർത്ത് നിർമിച്ചതാണ് പള്ളിയെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ നൽകിയ ഹർജി അംഗീകരിച്ചാണ് സംഭൽ സിവിൽ കോടതി സർവേയ്‌ക്ക് ഉത്തരവിട്ടത്. ഇത് വൻ കലാപത്തിലേയ്‌ക്കും നാല് മുസ്‌ലീം യുവാക്കളെ പൊലീസ് വെടിവെച്ചുകൊല്ലുന്നതിലേയ്‌ക്കും നയിച്ചിരുന്നു.
ചരിത്രസ്‌മാരകമായി വിജ്ഞാപനം ചെയ്‌തിരിക്കുന്ന ഷാഹി ജുമാ മസ്ജിദ് ഹിന്ദുക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ബാബർ 1529-ൽ നിർമിച്ചതെന്നാണ് ഹർജിക്കാരുടെ അവകാശവാദം. ജ്ഞാൻവാപി കേസിൽ തീവ്രഹിന്ദുത്വ സംഘടനകൾക്ക് വേണ്ടി ഹാജരായ ഹരിശങ്കർ ജയിനും ഇതിൽ ഉൾപ്പെടും. ശ്രീ ഹരി ഹർ ക്ഷേത്രമാണ് തകർക്കപ്പെട്ടതെന്നും ഇവർ അവകാശപ്പെട്ടു. 1991ലെ ആരാധനാലയ നിയമം മൂലം സംരക്ഷിക്കപ്പെട്ടിരിക്കുന്ന പള്ളിയാണ് ഷാഹി മസ്ജിദ്.









0 comments