Deshabhimani

‘തർക്ക മന്ദിരങ്ങളെ’ മസ്‌ജിദ്‌ എന്ന്‌
 വിളിക്കാനാവില്ല: ആദിത്യനാഥ്‌

സംഭൽ പള്ളിയിലെ കിണറിൽ പൂജ ; നീക്കം തടഞ്ഞ്‌ സുപ്രീംകോടതി

supreme court
വെബ് ഡെസ്ക്

Published on Jan 11, 2025, 12:00 AM | 2 min read


ന്യൂഡൽഹി

ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദിന്‌ അടുത്തുള്ള കിണറിൽ പൂജ ഉൾപ്പടെയുള്ള ഒരു നടപടിയും പാടില്ലെന്ന്‌ സുപ്രീം കോടതി. കിണർ വൃത്തിയാക്കി പൂജയും പ്രാർഥനയും തുടങ്ങാനുള്ള നീക്കം സംഭൽ മുൻസിപ്പാലിറ്റി അധികൃതർ തുടങ്ങിയിരുന്നു. അത്‌ അനാവശ്യ സംഘർഷങ്ങൾക്ക്‌ ഇടയാക്കുമെന്ന്‌ മസ്‌ജിദ്‌ കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹമദി ചൂണ്ടിക്കാട്ടി. തൽസ്ഥിതി തുടരണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, ജസ്‌റ്റിസ്‌ പി വി സഞ്‌ജയ്‌ കുമാർ എന്നിവരുടെ ബെഞ്ച്‌ ഉത്തരവിട്ടു. കിണറിന്റെ കാര്യത്തിൽ മുൻസിപ്പാലിറ്റി പുറപ്പെടുവിച്ച നോട്ടീസിലെ തുടർനടപടി സ്‌റ്റേ ചെയ്‌തു. 21നുള്ളിൽ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ നിർദേശിച്ച്‌ അധികൃതർക്ക്‌ നോട്ടീസയച്ചു.


രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.

സംഭലിലെ സാഹചര്യങ്ങൾ കോടതി സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും സമാധാനവും സാഹോദര്യവും തകർക്കുന്ന ഒരു നീക്കവും പാടില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. കിണർ മസ്‌ജിദിന്റെ ഭൂമിക്ക്‌ പുറത്താണെന്ന്‌ എതിർ കക്ഷികൾക്കുവേണ്ടി അഡ്വ. വിഷ്‌ണു ശങ്കർ ജെയിൻ വാദിച്ചു. കിണറിന്റെ പകുതി മസ്‌ജിദിന്റെ ഭൂമിയിലാണെന്നും കാലങ്ങളായി മസ്‌ജിദിലേക്ക്‌ വെള്ളം അവിടെ നിന്നാണ്‌ എടുക്കുന്നതെന്നും ഹുഫേസ അഹമദി പ്രതികരിച്ചു. കിണർ ഹിന്ദുക്കൾ ഉപയോഗിച്ചിരുന്നതിന്‌ തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലുണ്ട്‌. വിധി പുറപ്പെടുവിക്കുന്നതുവരെ ഒരു ആരാധനാലയത്തിലും കീഴ്‌കോടതികൾ സർവേ ഉൾപ്പടെയുള്ള നടപടികൾക്ക്‌ ഉത്തരവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭൽ മസ്ജിദ്‌ ക്ഷേത്രം തകർത്ത്‌ നിർമിച്ചതാണെന്നാണ്‌ സംഘപരിവാർ വാദം. മസ്‌ജിദിൽ രണ്ട്‌ തവണ സർവേ നടത്തിയതിന്‌ പിന്നാലെയുണ്ടായ സംഘർഷത്തിൽ യുപി പൊലീസിന്റെ വെടിവയ്‌പ്പിൽ നാല്‌ മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടു.


‘തർക്ക മന്ദിരങ്ങളെ’ മസ്‌ജിദ്‌ എന്ന്‌
 വിളിക്കാനാവില്ല: ആദിത്യനാഥ്‌

‘തർക്ക മന്ദിരങ്ങളെ’ മസ്‌ജിദ്‌ എന്ന്‌ വിളിക്കാൻ കഴിയില്ലെന്ന്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌. വിഷ്‌ണുവിന്റെ പത്താം അവതാരമായ കൽക്കിയുടെ പിറവി സംഭലിൽ നടക്കുമെന്ന്‌ പുരാണങ്ങളിൽ പരാമർശമുണ്ടെന്നും ആദിത്യനാഥ്‌ പറഞ്ഞു. സംഭൽ ഷാഹി ജുമാ മസ്‌ജിദിന്‌ താഴെ ഹിന്ദുക്ഷേത്രമുണ്ടെന്ന്‌ അവകാശപ്പെട്ട്‌ സമർപ്പിക്കപ്പെട്ട ഹർജികളുടെ അടിസ്ഥാനത്തിൽ സർവേ നടത്തിയത്‌ ഇക്കഴിഞ്ഞ നവംബറിൽ സംഘർഷത്തിനും പൊലീസ്‌ വെടിവയ്‌പിനും നാല്‌ പേരുടെ മരണത്തിനും ഇടയാക്കിയിരുന്നു.


സംഭലിൽ 16–-ാം നൂറ്റാണ്ടിൽ ഹിന്ദുക്ഷേത്രം തകർത്താണ്‌ മസ്‌ജിദ്‌ സ്ഥാപിച്ചതെന്ന്‌ ആദിത്യനാഥ്‌ ആരോപിച്ചു. ‘പാരമ്പര്യം’ തിരിച്ചുപിടിക്കുന്നത്‌ മോശം കാര്യമല്ല. വഖഫ്‌ ഭൂമിയെന്ന പേരിൽ കയ്യടക്കിയ ഓരോ ഇഞ്ചും തിരിച്ചുപിടിക്കുമെന്നും ആദിത്യനാഥ്‌ ടെലിവിഷൻ പരിപാടിയിൽ അവകാശപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home