സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; ശസ്ത്രക്രിയയിൽ കത്തിയുടെ ഭാഗം പുറത്തെടുത്തു

PHOTO: Instagram
ബാന്ദ്ര (മുംബൈ): കുത്തേറ്റ ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. ശസ്‌ത്രക്രിയകൾക്ക് ശേഷമാണ് സെയ്‌ഫിന്റെ ആരോഗ്യ നിലയിൽ മാറ്റമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽ നിന്ന് കത്തിയുടെ ഭാഗം പുറത്തെടുക്കുകയും ചെയ്തു. അക്രമിയുടെ കുത്തേറ്റ് ആറോളം മുറിവുകളാണ് നടന്റെ ദേഹത്തുണ്ടായത്. ഇതിൽ രണ്ട് മുറിവുകൾ സാരമുള്ളതായിരുന്നു. അതിലൊന്ന് നട്ടെല്ലിനോട് ചേർന്നതും. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അക്രമം.
സെയ്‌ഫ് അലി ഖാൻ അപകടനില തരണം ചെയ്തതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ‘സെയ്‌ഫ് അലി ഖാൻ ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നു. അദ്ദേഹത്തിന്റെ പുരോഗതി ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണ്’- അവർ കൂട്ടിച്ചേർത്തു. ‘ശസ്‌ത്രകിയയിൽ പങ്കാളികളായ ഡോക്‌ടർമാരുടെ സംഘത്തിനും പ്രാർത്ഥിച്ച ആരാധകർക്കും നന്ദി അറിയിക്കുന്നതായും’ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പുലർച്ചെ 2.30ഓടെ സെയ്‌ഫ് അലി ഖാന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്ന് ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞു. ‘ഇതിൽ രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് നിൽക്കുന്നതും. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ, അനസ്‌തറ്റിസ്‌റ്റ് നിഷാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ.’- ഡോ. നിരജ് ഉത്തമനി കൂട്ടിച്ചേർത്തു.
ശസ്‌ത്രക്രിയയ്‌ക്കിടെ ആക്രമണത്തിനുപയോഗിച്ചിരിക്കുന്ന കത്തിയുടെ ഒരു പൊട്ടിയ ഭാഗം നടന്റെ നട്ടെല്ലിന് സമീപത്ത് നിന്ന് കണ്ടെത്തിയതായും ഇത് പൊലീസിനെ ഏൽപ്പിച്ചതായും ഡോ. നിരജ് ഉത്തമനി പറഞ്ഞു. താരത്തെ ഐസിയുവിലേക്ക് മാറ്റിയതായും ഒരു ദിവസം അവിടെ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാന്ദ്ര വെസ്റ്റിലെ സെയ്‌ഫ് അലി ഖാന്റെയും ഭാര്യ കരീന കപൂറിന്റെയും വീട്ടിലായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കവർച്ചയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.









0 comments