ആറ് ദിവസങ്ങൾക്ക് ശേഷം സെയ്‌ഫ് അലി ഖാൻ ആശുപത്രി വിട്ടു

സെയ്ഫ് അലി ഖാൻ. ഫോട്ടോ: ഇൻസ്റ്റഗ്രാം
മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്നു ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ നിന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് സെയ്‌ഫ് ആശുപത്രി വിടുന്നത്. നട്ടെല്ലിന്റെ ഭാഗത്തുൾപ്പെടെ ആറ് മുറിവുകളായിരുന്നു ആക്രമത്തെ തുടർന്ന് സെയ്‌ഫിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് രണ്ട് ശസ്‌ത്രക്രിയകൾക്ക് താരം വിധേയനാവുകയും ചെയ്തു.
നിരവധി പേർ സെയ്‌ഫിനെ കാണാൻ ആശുപത്രിക്കരികിലും താരത്തിന്റെ വീടിന്റെ പരിസരത്തും തടിച്ച് കൂടിയിട്ടുണ്ട്. ഇതേ തുടർന്ന് ഈ രണ്ട് സ്ഥലങ്ങളിലും വൻ പൊലീസ് സന്നാഹം എത്തുകയും ചെയ്തു.
2025 ജനുവരി 16നാണ് സെയ്‌ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടിൽ വച്ച് കുത്തേറ്റത്. പുലർച്ചെ 2.30ഓടെ നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 3.30ഓടെ സെയ്‌ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആറ് മുറിവുകളാണ് സെയ്‌ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്നും രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്നും ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞിരുന്നു. ആഴത്തിലുള്ള മുറിവുകളിലൊന്ന് നട്ടെല്ലിന്റെ ഭാഗത്തായിരുന്നു. ഇവിടെ നിന്ന് ആക്രമിക്കാനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം ലഭിക്കുകയും ചെയ്തു.
സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയെന്ന് സംശിക്കുന്ന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഷെരീഫുൾ എന്നാണ് കസ്റ്റഡിയിലെടുത്തയാളുടെ പേരെന്നും ഇയാൾ വിജയ് ദാസ് എന്ന കള്ളപ്പേരിലാണ് മുംബൈയിൽ താമസിച്ചുവന്നതെന്നും പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന പ്രതിയുമായി ഇയാൾക്ക് സാമ്യമില്ലെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
Related News

0 comments