യുഎസ് ഇടപെട്ടെന്ന് സമ്മതിച്ച് ജയ്‌ശങ്കർ ; കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും മറുപടിയില്ലാതെ കേന്ദ്രം

ന്യൂഡൽഹി
ഇന്ത്യ–പാകിസ്ഥാൻ വെടിനിർത്തൽ എങ്ങനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെന്ന ചോദ്യത്തിന് വിദേശകാര്യങ്ങൾക്കായുള്ള പാർലമെന്റ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും കേന്ദ്രസർക്കാരിന് ഉത്തരമില്ല. അമേരിക്കന്‍ ഇടപെടലുണ്ടായെന്ന് യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ സമ്മതിച്ചു.
അമേരിക്കൻ ഇടപെടൽ അടക്കം ഗുരുതരമായ ഒട്ടനവധി ചോദ്യങ്ങൾ ജയ്‌ശങ്കർ അധ്യക്ഷനായ യോഗത്തിൽ പ്രതിപക്ഷ എംപിമാർ ഉയർത്തി. പാകിസ്ഥാനുള്ള ഐഎംഎഫ് വായ്‌പ തടയുന്നതിൽ കേന്ദ്രം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പകരമായി ഭീകരകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് എന്തിനാണെന്നും ചോദിച്ചു.
"അമേരിക്ക ഇടപെട്ട് വെടിനിർത്തിയെന്നാണ് ട്രംപിന്റെ അവകാശവാദം. എന്തുകൊണ്ട് അമേരിക്കൻ സമ്മർദത്തിന് സർക്കാർ വഴങ്ങി. കശ്‌മീരില്‍ മൂന്നാം കക്ഷി ഇടപെടൽ അനുവദിച്ചതിന് തുല്യമാണിത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ ഇനിയും കണ്ടെത്താനായിട്ടില്ല'–- പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി."ഏറ്റുമുട്ടൽ ശക്തമായതിന് പിന്നാലെ അമേരിക്ക ഇടപ്പെട്ടു. വലിയൊരു ആക്രമണത്തിന് പാകിസ്ഥാൻ മുതിരുകയാണെന്ന് അറിയിച്ചു. അങ്ങനെ ചെയ്‌താൽ ശക്തമായ തിരിച്ചടിക്കുമെന്നും സംഘർഷം അവസാനിപ്പിച്ചാൽ തങ്ങളും അവസാനിപ്പിക്കുമെന്നുമാണ് അമേരിക്കയെ അറിയിച്ചത്' –-ജയ്‌ശങ്കർ പറഞ്ഞു.









0 comments