റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; യുഎസ് തീരുവയിൽ ആശങ്ക അറിയിച്ചെന്ന് ഇന്ത്യ

വാഷിങ്ടൺ
റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം നികുതി ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കര്‍. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമാണ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബിൽ മുന്നോട്ടുവച്ചത്. ഇന്ത്യയുടെ ഊർജസുരക്ഷയേക്കുറിച്ചുള്ള ഉത്‌കണ്‌ഠ ലിന്‍ഡ്‌സെ ഗ്രഹാമിനെ അറിയിച്ചു. ബിൽ നിയമമായാലേ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ വാഷിങ്‌ടണിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ-ഉക്രയ്‌ൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ അമേരിക്കയും കൂട്ടാളികളായ യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നു. പ്രതിദിനം ശരാശരി 2.20 കോടി ബാരൽ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. റഷ്യയില്‍നിന്ന് എണ്ണ, ഗ്യാസ്, യുറേനിയം, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന ഏതു രാജ്യത്തിനുമേലും 500 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ബില്ലിൽ നിർദേശിക്കുന്നത്. ബിൽ ആഗസ്‌തിൽ യുഎസ് സെനറ്റിൽ അവതരിപ്പിച്ചേക്കും.









0 comments