വിവേചനപരമായ ഉപരോധങ്ങൾക്കെതിരെ പൊതുവായ നിലപാട്; ഐക്യ പ്രഖ്യാപനവുമായി പുടിൻ

ബെയ്ജിങ്: ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് തടസ്സമാകുന്ന "വിവേചനപരമായ ഉപരോധങ്ങൾ"ക്കെതിരെ റഷ്യയും ചൈനയും പൊതുവായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഷാങ്ഹായ് സഹകരണ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ടിയാൻജിനിലെത്തിയ പുടിൻ സിൻഹുവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി അധിക വിഭവങ്ങൾ സമാഹരിക്കുന്നതിൽ റഷ്യയും ചൈനയും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ആഗോള വെല്ലുവിളികളെ നേരിടാനുള്ള ബ്രിക്‌സിന്റെ കഴിവ് ശക്തിപ്പെടുത്തും. ഇതിനായി ഐക്യത്തോടെ നിലകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന അന്തർ സർക്കാർ സംഘടനയാണ് ബ്രിക്‌സ്. സൗദി അറേബ്യ, ഇറാൻ, എത്യോപ്യ, ഈജിപ്ത്, അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ബ്രിക്‌സിൽ പുതിയ അംഗങ്ങളായി ചേർന്നു.
അന്താരാഷ്ട്ര നാണയ നിധിയെയും ലോക ബാങ്കിനെയും പരിഷ്കരിക്കുന്നതിൽ റഷ്യയും ചൈനയും പിന്തുണയ്ക്കും."തുറന്നതും യഥാർത്ഥ തുല്യതയും" എന്ന തത്വങ്ങളിൽ പുതിയ സാമ്പത്തിക സംവിധാനം എന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ഏകോപന പങ്കോടെ, അന്താരാഷ്ട്ര നിയമത്തിൽ അധിഷ്ഠിതമായ കൂടുതൽ ന്യായമായ, ബഹുധ്രുവ ലോകക്രമം രൂപപ്പെടുത്തുന്നതിന് എസ്‌സിഒ സംഭാവന നൽകുന്നു,"
"എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായി ഞങ്ങൾ പുരോഗതി തേടുന്നു. നമ്മുടെ മഹത്തായ രാഷ്ട്രങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ യോജിപ്പിച്ച്, റഷ്യയും ചൈനയും ഈ മഹത്തായ ലക്ഷ്യത്തിലേക്ക് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ചൈന നടത്തുന്ന വി-ഡേ പരേഡിലും പുടിൻ പങ്കെടുക്കും.









0 comments