രുദ്രപ്രയാഗ് ബസ് അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി ഉയർന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി ഉയർന്നു. എട്ടുപേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇന്ന് പകലാണ് രാജസ്ഥാൻ സ്വദേശിയായ 55കാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 7.50നാണ് ബദരീനാഥ് ദേശീയ പാതയിൽ അപകടമുണ്ടായത്. രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിൽ അളകനന്ദ നദിയിലേക്കാണ് യാത്രക്കാരുമായി പോയ ബസ് മറിഞ്ഞത്. 18 പേരാണ് ബസിലുണ്ടായിരുന്നത്.
ബസ് മുകളിലേക്ക് പോകുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ഒരു യാത്രക്കാരനെ അപകടം നടന്ന് അൽപ്പസമയത്തിനകം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഘോൾട്ടിറിലെ അപകടസ്ഥലത്ത് നിന്ന് ഏഴ് കിലോമീറ്റർ താഴെയായി രതുരയിലെ നദിയുടെ തീരത്ത് നിന്നാണ് ഉദയ്പൂർ നിവാസിയായ സഞ്ജയ് സോണിയുടെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം രുദ്രപ്രയാഗിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയെന്ന് രുദ്രപ്രയാഗ് പൊലീസ് സൂപ്രണ്ട് (എസ്പി) അക്ഷയ് പ്രഹ്ലാദ് കൊണ്ടെ പറഞ്ഞു. ബദരീനാഥിലേക്ക് പോയ ബസിൽ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.
മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നുള്ള വിശാൽ സോണി (42), ഗൗരി സോണി (41), ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഡ്രീമി (17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.









0 comments