രാഷ്‌ട്രപതിയുടെ പ്രസംഗം: സോണിയയുടെയും രാഹുലിന്റെയും പരാമർശത്തിൽ വിവാദം

പ്രത്യേക ലേഖകൻ
Published on Feb 01, 2025, 12:47 AM | 1 min read
ന്യൂഡൽഹി : പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ‘രാഷ്‌ട്രപതി പ്രസംഗം വായിച്ച് തളർന്നു; പാവം, അവർക്ക് സംസാരിക്കാൻ കഴിയുന്നില്ല’ എന്ന് സോണിയ പറഞ്ഞപ്പോൾ ‘മുഷിപ്പിക്കുന്ന പ്രസംഗം’ എന്നാണ് രാഹുൽ പ്രതികരിച്ചത്.
കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങൾ അംഗീകരിക്കാനാകാത്തതും രാഷ്‌ട്രത്തിന്റെ പരമോന്നത പദവിയോടുള്ള അവഹേളനവുമാണെന്ന് രാഷ്‌ട്രപതി ഭവൻ പ്രസ്‌താവനയിൽ പ്രതികരിച്ചു.
രാഷ്‌ട്രപതി ഒരു സമയത്തും ക്ഷീണിതയായില്ല. സമൂഹത്തിലെ അരികുവൽകരിക്കപ്പെട്ട വിഭാഗങ്ങൾക്കുവേണ്ടിയാണ് രാഷ്‌ട്രപതി സംസാരിച്ചത്. ഇത്തരം അഭിപ്രായപ്രകടനങ്ങൾ ദൗർഭാഗ്യകരമാണെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
രാഷ്‌ട്രപതിയെ കോൺഗ്രസ് അവഹേളിച്ചെന്ന് ആരോപിച്ച് ബിജെപി രംഗത്തുവന്നു. രാഷ്‌ട്രപതിയോട് സോണിയക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും പ്രസ്‌താവനയെ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു.









0 comments