മൂന്നാം ദിനവും വധ്ര ചോദ്യമുനയില്‍ ; ഇഡി ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

ന്യൂഡൽഹി : വയനാട് എംപിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധ്രയെ ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്‌തു. ഹരിയാനയിലെ ഭൂമിയിടപാട് അടക്കം വധ്രക്കെതിരെ ഇഡി എടുത്തിട്ടുള്ള മൂന്ന് കേസുകളിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഒന്നും രണ്ടും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് വധ്രക്കെതിരായ കേസുകളിലും കേന്ദ്ര ഏജൻസി നടപടികൾ വേഗത്തിലാക്കുന്നത്.
പകൽ 11 ഓടെ പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ചോദ്യംചെയ്യലിനായി വധ്ര ഇഡി ഓഫീസിൽ എത്തിയത്. വെള്ളി അവധി ദിവസമായതിനാൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ വധ്രയോട് ഇഡി ആവശ്യപ്പെട്ടിട്ടില്ല. ഹരിയാനയിലെ ഭൂമിയിടപാട് കേസിന് പുറമെ ലണ്ടനിൽ ആഡംബര വസതി സ്വന്തമാക്കിയ കേസിലും രാജസ്ഥാനിലെ ബിക്കാനീറിൽ 48 ലക്ഷം രൂപയ്‌ക്ക് 31 ഹെക്ടർ ഭൂമി വാങ്ങിയ കേസിലുമാണ് വധ്രയ്‌ക്കെതിരായ ഇഡി അന്വേഷണം.
താൻ രാഷ്ട്രീയത്തിൽ സജീവമാകുമോയെന്ന ആശങ്കയാണ് ബിജെപിക്കുള്ളതെന്നും ചോദ്യംചെയ്യലെല്ലാം അതിന്റെ ഭാഗമാണെന്നും- വധ്ര മാധ്യമങ്ങളോട് പറഞ്ഞു.









0 comments