റിപ്പോ നിരക്ക് 0.50% കുറച്ച് റിസർവ് ബാങ്ക്; ഭവന, വാഹന വായ്പാ പലിശഭാരം കുറയും

മുംബൈ: പണപ്പെരുപ്പം കുറഞ്ഞതിനെത്തുടർന്ന് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് കുറച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.5 ശതമാനമായി. ഭവന, വാഹന, കോർപ്പറേറ്റ് വായ്പകൾ എടുക്കുന്നവർക്ക് ഇത് ആശ്വാസമാകും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ നടന്ന പണനയ യോഗത്തിലാണ് വായ്പാ നിരക്ക് കുറയ്ക്കാൻ തീരുമാനമായത്.
മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്. 2022 ഓഗസ്റ്റ് 5 ന് 5.40 ശതമാനമായിരുന്നു റിപ്പോ നിരക്ക്. 2025 ഫെബ്രുവരി മുതൽ, ആർബിഐ പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകൾ കുറച്ചു. ഏപ്രിലിൽ നടന്ന മുൻ നയ അവലോകനത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു ആറ് ശതമാനത്തിലാക്കിയിരുന്നു.
തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ നിരക്കുകൾ കുറയ്ക്കുന്നത്. പണപ്പെരുപ്പം കഴിഞ്ഞ മൂന്ന് മാസമായി നാല് ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറയുന്ന സാഹചര്യം കണക്കിലെടുത്തും വളർച്ചയക്ക് മുൻഗണന നൽകികൊണ്ടുമാണ് ആർബിഐ തീരുമാനം. ബാങ്കുകൾ ആർബിഐയിൽ നിന്ന് ഫണ്ട് കടമെടുക്കുമ്പോൾ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.









0 comments