ചുമ മരുന്ന് കഴിച്ച് വീണ്ടും മരണമെന്ന് റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ഭോപ്പാൽ: ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ ഒരു കുട്ടി കൂടി മരിച്ചതായി റിപ്പോർട്ട്. ചിന്ദ്വാരയിൽ രണ്ട് വയസുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഇതോടെ ചുമ മരുന്ന് കഴിച്ച് സംസ്ഥാനത്ത് മരണം 15 ആയി. രാജ്യത്ത് ചുമ മരുന്നുകൾ കഴിച്ച് 19 കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്.
മധ്യപ്രദേശിൽ രണ്ട് ചുമ മരുന്നുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി. റീലൈഫ്, റെസ്പിഫ്രഷ് ടിആർ എന്നീ മരുന്നുകൾ നിർദേശിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ (DEG) അളവ് ഉയർന്ന തോതിൽ കണ്ടെത്തിയതോടെയാണ് മരുന്നുകൾ നിരോധിച്ചത്.
റീലൈഫിൽ 0.616 ശതമാനവും റെസ്പിഫ്രഷ് ടിആറിൽ 1.342 ശതമാനവും ഡൈഎത്തിലീൻ ഗ്ലൈക്കോളിന്റെ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. ഗുജറാത്തിലാണ് കഫ് സിറപ്പുകളുടെ നിർമാണം. അതേസമയം, ഹിമാചൽ പ്രദേശിലും, പഞ്ചാബിലും കോൾഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു.
കുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലും വിഷാംശമുള്ള ചുമ മരുന്നുകൾ കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട അഭിഭാഷകൻ വിശാൽ തിവാരിയാണ് ഹർജി നൽകിയത്.









0 comments