ഹിന്ദുമതത്തിലേക്ക് മാറിയില്ല ; ക്രൈസ്തവ കുടുംബത്തെ ഗ്രാമത്തിൽനിന്ന് ആട്ടിയോടിച്ചെന്ന്

റായ്‍പുര്‍
ഛത്തീസ്ഗഡിൽ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ വിസമ്മതിച്ച ക്രിസ്ത്യൻ കുടുംബത്തെ ഗ്രാമത്തിൽനിന്ന് ആട്ടിയോടിച്ചതായി ആരോപണം. ഇന്റര്‍നാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സംഘടനയാണ് വെബ്സൈറ്റിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. രാജ്നന്ദ്ഗാവ് ജില്ലയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമതലവന്റെ നേതൃത്വത്തിൽ നാട്ടുകൂട്ടം ചേര്‍ന്ന് ഏഴംഗ കുടുംബത്തോട് ഘര്‍വാപസി ചടങ്ങിലൂടെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതിനാൽ ആളുകള്‍ വീട്ടിൽ ഇരച്ചുകയറി സാധനങ്ങളെല്ലാം വാരിവലിച്ചു പുറത്തിട്ടു. കുടുംബത്തെയും ആക്രമിച്ചു.
ഗ്രാമത്തിൽനിന്ന് വിലക്കപ്പെട്ട് കുറച്ച് അകലെയുള്ള വനമേഖലയോട് ചേര്‍ന്ന് അഭയം തേടിയ ഇവര്‍ക്ക് ഇന്റര്‍നാഷണൽ ക്രിസ്ത്യൻ കൺസേൺ പ്രവര്‍ത്തകര്‍ ഭക്ഷണമടക്കം സഹായങ്ങള്‍ എത്തിച്ചതായും റിപ്പോര്‍ട്ടിൽ പറഞ്ഞു.









0 comments