റിപോ നിരക്കിൽ മാറ്റമില്ല, പണനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ‘നവരാത്രി-ദീപാവലി’ ഉത്സവകാല ബംപർ ആയി പലിശനിരക്ക് കുറയ്ക്കുമോ എന്ന കാത്തിരിപ്പ് പാഴായി. റിപ്പോ നിരക്ക് പഴയപടി തുടരും. നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഇത്തവണത്തെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍ തുടരും. അതേസമയം ജി ഡി പി അനുമാനം 6.8 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്തു.
ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ഓഗസ്റ്റിലെ യോഗത്തിലും പലിശനിരക്ക് മാറ്റിയിരുന്നില്ല. 2025 ന്റെ ആദ്യ പകുതിയിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് മൊത്തം 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു, എന്നാൽ ഓഗസ്റ്റിലെ മുൻ യോഗത്തിൽ അത് താൽക്കാലികമായി എന്ന വിശേഷണത്തോടെ പിൻവലിച്ചു.
ചരക്ക് സേവന നികുതിയിലെ പരിഷ്‌കാരം പണപ്പെരുപ്പത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും ഉപഭോഗത്തെയും വളര്‍ച്ചയെയും ഉത്തേജിപ്പിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പണ നയ നിലപാട് 'നിക്ഷ്പക്ഷത'യില്‍ നിലനിര്‍ത്തി. ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി ഒരു ശതമാനം കുറച്ചശേഷം ഓഗസ്റ്റിലെ യോഗത്തിലാണ് റിപ്പോ 5.50 ശതമാനമാക്കിയത്.
ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വില കുറയുന്ന പ്രതീക്ഷയിൽ റീട്ടെയില്‍ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനങ്ങള്‍ താഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചത് വിപണിയിൽ പണമൊഴുക്ക് കൂട്ടിയേക്കാമെന്നും പണപ്പെരുപ്പം ഇനിയും കൂടിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതോടെ ഓഗസ്റ്റിൽ ഇന്ത്യയുടെ വാർഷിക പണപ്പെരുപ്പം 2.07% ആയി ഉയർന്ന സാഹചര്യമായിരുന്നു.









0 comments