അപകടകരമായി വാഹനമോടിച്ചതിനെ ചൊല്ലി തർക്കം; കർണാടകയിൽ യാത്രക്കാരിയെ റാപ്പിഡോ ഡ്രൈവർ മർദ്ദിച്ചു
ബംഗളൂരു: കർണാടകയിൽ യാത്രക്കാരിയെ റാപ്പിഡോ ടാക്സി ഡ്രൈവർ മർദ്ദിച്ചതായി പരാതി. അമിതവേഗത്തിൽ വാഹനമോടിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് ബൈക്ക് ടാക്സി ഡ്രൈവർ യാത്രക്കാരിയെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ജയനഗറിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിക്കാരി. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് അവർ പറഞ്ഞു. റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചപ്പോൾ യാത്രാമധ്യേ വാഹനം നിർത്താൻ യുവതി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പിന്നാലെയാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ യുവതി നിലത്ത് വീണു. യാത്രാക്കൂലി നൽകാനും ഹെൽമെറ്റ് തിരികെ നൽകാനും സ്ത്രീ വിസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ബൈക്ക് യാത്രികൻ സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവം പുറത്തറിഞ്ഞപ്പോൾ സ്ത്രീയെയും ബൈക്ക് ഓടിച്ചിരുന്നയാളെയും ജയനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ അശ്രദ്ധമായി വാഹനമോടിച്ചെന്നും സിഗ്നലുകൾ ലംഘിച്ചെന്നും അത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർ തന്നെ മർദ്ദിച്ചതെന്നും യുവതി പറഞ്ഞു.
എന്നാൽ സംഭവത്തിൽ പരാതി നൽകാൻ സ്ത്രീ വിസമ്മതിച്ചു. നോൺ-കോഗ്നിസബിൾ റിപ്പോർട്ട് (എൻസിആർ) പ്രകാരം പൊലീസ് റിപ്പോർട്ട് ഫയൽ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുന്നതിന് വേണ്ടി പരാതി നൽകാൻ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ജയനഗർ പൊലീസ് പറഞ്ഞു. റാപ്പിഡോ ഡ്രൈവറെ ചോദ്യം ചെയ്തതായും നിയമനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) ലോകേഷ് ബി ജഗലാസർ പറഞ്ഞു.










0 comments