അശ്ലീല പരാമർശം: യൂട്യൂബർ രൺവീർ അല്ലാബാദിയ പൊലീസിനു മുന്നിൽ ഹാജരായി

മുംബൈ : അശ്ലീല പരാമർശത്തിൽ മഹാരാഷ്ട്ര സൈബർ സെല്ലിനു മുന്നിൽ ഹാജരായി മൊഴി നൽകി യൂട്യൂബർ രൺവീർ അല്ലാബാദിയ. തിങ്കളാഴ്ചയാണ് രണവീറും ആശിഷ് ചഞ്ച്ലാനിയും പൊലീസിനു മുന്നിൽ ഹാജരായത്. ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിവാദ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇതേ കേസിൽ മുമ്പ് രൺവീറിന് പൊലീസ് നോട്ടീസയച്ചിരുന്നു. നവി മുംബൈയിലെ ഹെഡ് ക്വാർട്ടേഴ്സിലാണ് ഇരുവരും ഹാജരായത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊമേഡിയൻ സമയ് റെയ്ന അവതരിപ്പിക്കുന്ന ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ചാണ് രണവീർ അശ്ലീല പരാമർശം നടത്തിയത്. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ’യിലെ വിധികർത്താക്കളിലൊരാളാണ് രൺവീർ. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്. തുടർന്ന് വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു.
രൺവീറിനു പുറമെ പരിപാടിയിലുണ്ടായിരുന്ന സമയ് റെയ്ന, അപൂർവ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്ലാനി, തുഷാർ പൂജാരി, സൗരവ് ബോത്ര, ബാൽരാജ് ഘായ് എന്നിവർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രണവീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സൈബർ സെല്ലും കേസെടുത്തിരുന്നു. ഇവർ എത്താത്തതിനാൽ വീണ്ടും മാർച്ച് 6ന് ഹാജരാകാൻ കമീഷൻ നിർദേശിച്ചിട്ടുണ്ട്.








0 comments