യുഎസുമായി ചര്‍ച്ചയുണ്ടായി , വ്യാപാരം വിഷയമായില്ല : കേന്ദ്രം

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂറിനിടെ അമേരിക്കയുമായി പലവട്ടം ചർച്ച നടന്നിരുന്നുവെന്നും എന്നാല്‍ വ്യാപാരബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്‌തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം. ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ടുള്ള ഏതു വിഷയവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷിതലത്തിൽ പരിഹരിക്കേണ്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാരബന്ധത്തിന്റെ കാര്യത്തില്‍ വിലപേശിയാണ് ഇന്ത്യ –പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദത്തെ ഖണ്ഡിക്കാനായി കേന്ദ്രം നല്‍കിയ വിശദീകരണം, ഫലത്തില്‍ അമേരിക്കന്‍ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്നതിന്റെ പരോക്ഷ സമ്മതമായി.
മെയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത് മുതൽ മെയ് 10ന് വെടിനിർത്തലിലെത്തുംവരെ മാറിവരുന്ന ഏറ്റുമുട്ടൽ സാഹചര്യം സംബന്ധിച്ച് അമേരിക്കയുമായി ചർച്ചചെയ്‌തു. ഇതിലൊന്നും വ്യാപാരം ചർച്ചയായില്ല.
വെടിനിർത്തലിനായി പാകിസ്ഥാനാണ് സമീപിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. ഡിജിഎംഒ തലത്തിൽ സംഭാഷണം താൽപ്പര്യപ്പെട്ട് പാക് ഹൈകമീഷൻ മെയ് 10ന് പകൽ 12.37ന് വിദേശമന്ത്രാലയത്തെ ബന്ധപ്പെടുകയായിരുന്നു. അന്ന് പുലർച്ചെ ഇന്ത്യന്‍ ആക്രമണത്തിൽ പാക് വ്യോമതാവളങ്ങൾക്ക് വലിയ കേടുപാടുകളുണ്ടായി. അതാണ് വെടിനിർത്തലിന് പാകിസ്ഥാനെ നിർബന്ധിതരാക്കിയത്–- ജെയ്‌സ്വാൾ പറഞ്ഞു.
സംഘർഷഘട്ടത്തിൽ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത് വിദേശ സെക്രട്ടറി വിക്രം മിസ്രിയായിരുന്നു. മിസ്രിക്കെതിരെ സംഘപരിവാറുകാർ വ്യാപക അധിക്ഷേപമുയര്‍ത്തിയതോടെയാണ് രൺധീർ ജയ്‌സ്വാൾ രംഗത്തെത്തിയത്.









0 comments