ശ്രീലങ്കൻ നാവികസേനയുടെ ഇടപെടൽ രൂക്ഷം; മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

photo credit: X
ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ തുടർച്ചയായ പീഡന നടപടികളിൽ പ്രതിഷേധിച്ച് രാമേശ്വരത്തുള്ള മത്സ്യത്തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്കിന് തുടക്കമിട്ടു.
പാക് കടലിടുക്കിൽ മത്സ്യബന്ധനം നടത്തിയതിന് ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അവരുടെ ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് സമരം. രാമേശ്വരം ദ്വീപിലെ മത്സ്യത്തൊഴിലാളികളാണ് തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
ഫെബ്രുവരി 23 ന് ശ്രീലങ്കൻ നാവികസേന രാമേശ്വരത്ത് നിന്നുള്ള 32 മത്സ്യത്തൊഴിലാളികളെ തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്‌തിരുന്നു. 2025ൽ മാത്രം 119 തൊഴിലാളികളാണ് ശ്രീലങ്കയിൽ അറസ്റ്റിലായത്. 16ബോട്ടുകളും നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
മത്സ്യതൊഴിലാളികളെ കേന്ദ്രസർക്കാരും കയ്യൊഴിഞ്ഞു
തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ അറസ്റ്റുകൾ വർദ്ധിച്ചുവരുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു.
മത്സ്യത്തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിനാൽ പണിമുടക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷൻ പ്രസിഡന്റ് എൻ ദേവദാസ് പറഞ്ഞു."പാക് ഉൾക്കടലിൽ പതിവ്പോലെ മീൻ പിടിക്കുന്നതിൽ നിന്ന് ശ്രീലങ്കൻ നാവികസേന ഞങ്ങളെ അനുവദിക്കാത്ത സാഹചര്യമാണ്. അവർ ബോട്ട് പിടിച്ചെടുത്ത് അവരുടെ രാജ്യത്തേക്ക് കൊണ്ടുപോയി ലേലം ചെയ്യുന്നു, ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ഒരു മത്സ്യത്തൊഴിലാളിക്ക് തന്റെ ബോട്ട് നഷ്ടപ്പെട്ടാൽ, അയാൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് ഒരിക്കലും കരകയറാൻ കഴിയില്ല," ദേവദാസ് പറഞ്ഞു.
അറസ്റ്റിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിഴ ഈടാക്കുന്നത്. തൊഴിലാളികളെ കോടതികളിൽ ഹാജരാക്കുന്നതിനായി ശ്രീലങ്കയിലേക്ക് കൊണ്ടുപോകുമ്പോൾ അവരോട് മാന്യമായി പെരുമാറണമെന്നും ദേവദാസ് ആവശ്യപ്പെട്ടു.
ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത വർക്കിങ് ഗ്രൂപ്പ് (ജെഡബ്ല്യുജി) കേന്ദ്ര സർക്കാർ വിളിച്ചുചേർക്കണമെന്നും ദേവദാസ് ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, രാമനാഥപുരം ജില്ലകളിൽ നിന്നും പുതുച്ചേരിയിലെ കാരയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് തുടർച്ചയാണ്.
മത്സ്യസമ്പത്ത് സമൃദ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖ കടന്ന് ശ്രീലങ്കൻ സമുദ്രാതിർത്തിയിലേക്ക് കടക്കുന്നു, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ബോട്ടം ട്രോളറുകൾ പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നതായാണ് ശ്രീലങ്കയുടെ വാദം.









0 comments