ചുട്ട്‌ പഴുത്ത്‌ രാജസ്ഥാൻ; ഉഷ്ണതരംഗമുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്‌

heat wave
വെബ് ഡെസ്ക്

Published on Apr 14, 2025, 04:33 PM | 2 min read

ജയ്പൂർ: രാജസ്ഥാനിൽ താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. രാജസ്ഥാനിലെ ഏറ്റവും ഉയർന്ന താപനില 44.0 ഡിഗ്രി സെൽഷ്യസ്‌ ബാർമറിൽ. രേഖപ്പെടുത്തി. ഇത് സാധാരണ താപനിലയേക്കാൾ 5 ഡിഗ്രി കൂടുതലാണ്.


സംഗരിയയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 19.6 ഡിഗ്രി സെൽഷ്യസ്. പകൽ 8.30 ന്‌ നടത്തിയ നിരീക്ഷണത്തിൽ സംസ്ഥാനത്ത്‌ മിക്ക പ്രദേശങ്ങളിലെയും ശരാശരി ഈർപ്പം 20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലായിരുന്നു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തുടനീളം ഉഷ്ണതരംഗ സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. പകൽ സമയത്ത്‌ നിലവിലുള്ള താപനിലയേക്കാൾ 5 ഡിഗ്രി വരെ വർധനവ് പ്രതീക്ഷിക്കുന്നു. അടുത്ത 4-5 ദിവസം സംസ്ഥാനത്ത്‌ വരണ്ട കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്.


ഏപ്രിൽ 14 മുതൽ പടിഞ്ഞാറൻ രാജസ്ഥാനിൽ പുതിയൊരു ഉഷ്ണതരംഗം ആരംഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഏപ്രിൽ 15, 16 തീയതികളിൽ ഉഷ്ണതരംഗത്തിന്റെ തീവ്രതയും വ്യാപനവും വർധിക്കുമെന്നും ഇത് ജോധ്പൂർ, ബിക്കാനീർ, ശേഖാവതി മുതലായ പ്രദേശങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. ചില പ്രദേശങ്ങളിൽ, കടുത്ത ഉഷ്ണതരംഗ സാഹചര്യങ്ങളാണ്‌ നിലനിൽക്കുന്നത്‌. പ്രത്യേകിച്ച് അതിർത്തി ജില്ലകളിൽ താപനില 45-46 ഡിഗ്രിയിലെത്താൻ സാധ്യതയുണ്ട്.


ഏപ്രിൽ 17-18 തീയതികളിൽ കിഴക്കൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്‌. എന്നിരുന്നാലും താപനില ഉയർന്ന നിലയിൽ തുടരും.


ഞായറാഴ്ച നഗരത്തിൽ താപനില കുറഞ്ഞത് 21.8 ഡിഗ്രിയും കൂടിയത് 37.1 ഡിഗ്രിയും രേഖപ്പെടുത്തി. തിങ്കളാഴ്ച ജയ്‌സാൽമീറിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ബാർമർ, ബിക്കാനീർ, ജയ്സാൽമീർ, ശ്രീഗംഗാനഗർ എന്നിവിടങ്ങളിൽ ചൂട് കാറ്റ് വീശുമെന്ന്‌ മുന്നറിയിപ്പുണ്ട്‌.


ഏപ്രിൽ 16 ന് ശ്രീഗംഗാനഗർ, ജയ്സാൽമീർ, ബാർമർ, ബിക്കാനീർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ജുൻജുനു, ചുരു, ഹനുമാൻഗഡ്, ജോധ്പൂർ, അൽവാർ, ഭരത്പൂർ, ദൗസ, ധോൽപൂർ, ജയ്പൂർ, കരൗളി, സവായ് മധോപൂർ, സിക്കാർ, ടോങ്ക് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് തിരക്കേറിയ സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങളോട് കാലാവസ്ഥാവകുപ്പ്‌ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home