റെയിൽവേ: ഒഴിവുകളുടെ എണ്ണം വെളിപ്പെടുത്താതെ ഒഴിഞ്ഞു മാറി കേന്ദ്രം

ന്യൂഡൽഹി : രാജ്യസഭയിൽ വി ശിവദാസൻ എംപി ഉന്നയിച്ച റെയിൽവേയിലെ ഒഴിവുകളെയും പുതിയ തസ്തികകളെയും സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി കേന്ദ്രം. സോണുകളിലും ഡിവിഷനുകളിലും നികത്തപ്പെടാത്ത ഒഴിവുകളുടെ എണ്ണം റെയിൽവേ വെളിപ്പെടുത്തിയില്ല.കഴിഞ്ഞ അഞ്ചു വർഷത്തെ നിയമനങ്ങളുടെ വാർഷികകണക്ക് വെളിപ്പെടുത്താനും റെയിൽവേ തയാറല്ല. കോൺഗ്രസ് സർക്കാരിന്റെ പത്തുവർഷം നടത്തിയതിനേക്കാൾ, കഴിഞ്ഞ പത്തുവർഷം തങ്ങൾ റിക്രൂട്ട്മെന്റ് നടത്തി എന്ന അവകാശവാദമാണ് റെയിൽവേ മന്ത്രാലയം നടത്തുന്നതെന്ന് വി ശിവദാസൻ എംപി പറഞ്ഞു.
ഒഴിവുകൾക്ക് പകരം നിയമനം നടത്തുമെന്ന് പ്രഖ്യാപിച്ചു നടത്തിയ പരീക്ഷയിലെ അപേക്ഷകരുടെ എണ്ണമാണ് ചോദ്യത്തിന് ഉത്തരമായി നൽകിയത്. പരീക്ഷ നടത്തിയ തസ്തികകളിലേക്കുള്ള അപേക്ഷകരുടെ വലിയ സംഖ്യ, ഇന്ത്യയിൽ നിലനിൽക്കുന്ന ഗുരുതരമായ തൊഴിൽ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. എണ്ണായിരത്തോളം ഒഴിവുകൾക്ക് അരക്കോടിയോളം പേർ അപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. യുവാക്കൾ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയാണിത് വെളിവാക്കുന്നത്. മൊത്തത്തിൽ, അമ്പതിനായിരത്തോളം ഒഴിവിലേക്ക് രണ്ടുകോടിയോളം (1.83 കോടി ) അപേക്ഷകരാണുള്ളത്.
നോൺ-ടെക്‌നിക്കൽ പോപുലർ കാറ്റഗറിയിൽ (ഗ്രാജുവേറ്റ് ലെവെൽ) 8,113 ഒഴിവുകൾ ആയപ്പോൾ 58.41 ലക്ഷം പേർ അപേക്ഷിച്ചു. ആർപിഎഫ് കോൺസ്റ്റബിൾ തസ്തികയ്ക്ക് 4,208 ഒഴിവുകൾ, എന്നാൽ 45.3 ലക്ഷം അപേക്ഷകർ. ആർപിഎഫ് സബ് ഇൻസ്പെക്ടർ തസ്തികയ്ക്കായി വെറും 452 ഒഴിവുകൾ, എന്നാൽ 15.35 ലക്ഷം അപേക്ഷകരാണുള്ളത്. ടെക്‌നീഷ്യൻ തസ്തികയിലെ 14,298 ഒഴിവുകൾക്കായി 26.99 ലക്ഷം അപേക്ഷകൾ ലഭിച്ചു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (ALP) തസ്തികയിൽ 18,799 ഒഴിവുകളിലേക്ക് 18.4 ലക്ഷം പേർ അപേക്ഷിച്ചു. ജൂനിയർ എഞ്ചിനിയർ (JE)/ഡിപ്പോ മെറ്റീരിയൽ സൂപ്പറിൻഡന്റ് (DMS)/കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികയ്ക്ക് 7,951 ഒഴിവുകൾ, എന്നാൽ അപേക്ഷകർ 11.01 ലക്ഷം. പാരാമെഡിക്കൽ വിഭാഗങ്ങൾ 1,376 ഒഴിവുകൾക്കായി 7.08 ലക്ഷം അപേക്ഷകരുണ്ട്.
വൻതോതിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും നിയമനപ്രക്രിയ തന്നെ വൈകിക്കുകയുമാണ് റെയിൽവേ ചെയുന്നത്. ലോക്കോ പൈലറ്റുമാർ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഒഴിവുകൾ നികത്താത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. എന്നാൽ ഈ വീഴ്ചകൾ ജനങ്ങളുടെ മുന്നിൽ എത്തിക്കാനും അത് പരിഹരിക്കാനുള്ള നടപടി എടുപ്പിക്കാനുമുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വി ശിവദാസൻ എംപി പറഞ്ഞു. ഒഴിവുകൾ ചോദിച്ചാൽ വെളിപ്പെടുത്താത്ത ബിജെപി സർക്കാരിന്റെ സമീപനം കണ്ണടച്ച് ഇരുട്ടാക്കുന്നതാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments