കൂടുതൽ വെളിപ്പെടുത്തല്‍ ; ജനാധിപത്യത്തെ കൊല്ലാൻ ഗ്യാനേഷ്‍കുമാര്‍ ഒത്താശ ചെയ്യുന്നു
വോട്ട് വെട്ടാൻ ആസൂത്രിത നീക്കം : രാഹുൽ ഗാന്ധി

ന്യൂഡൽഹി
"വോട്ട് മോഷണ'വുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർപ്പട്ടികയില്‍ പേരുചേർക്കൽ, പേര് നീക്കൽ നടപടികളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗക്കാരുടെ വോട്ട് കൂട്ടത്തോടെ വെട്ടാൻ ശ്രമിക്കുന്നു.
2023 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6,018 വോട്ട് വെട്ടാൻ ആസൂത്രിത നീക്കമുണ്ടായി. ഓൺലൈനിലൂടെ കള്ളപ്പരാതികൾ നൽകി വോട്ടുകള്‍ നീക്കാനായിരുന്നു ശ്രമം. നിയോജകമണ്ഡലത്തിലെ വോട്ടർമാരെന്ന പേരിൽ ഏതോ സോഫ്‌റ്റ് വെയർ ഉപയോഗിച്ച് ആയിരക്കണക്കിന് കള്ളപ്പരാതികൾ നൽകി. ഇതിനുവേണ്ടി കർണാടകത്തിന് പുറത്തുള്ള മൊബൈൽ നന്പറുകൾ ഉപയോഗിച്ചു. ഒരു ബിഎൽഒയുടെ ബന്ധുവിനെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് നീക്കം വെളിച്ചത്തായത്. അയല്‍വാസി സംശയം പ്രകടിപ്പിച്ചെന്ന പേരില്‍ ബിഎൽഒയുടെ അമ്മാവന്റെ വോട്ട് ഒഴിവാക്കാൻ നോക്കി. എന്നാല്‍ പരാതിനല്‍കിയകാര്യം അയൽക്കാരന്‍ അറിഞ്ഞിട്ടേയില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വോട്ടുവെട്ടാനുള്ള ഗൂഢപദ്ധതി വെളിച്ചത്തായത്.
വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ബബിതാ ചൗധരി, ബബിതയുടെ വോട്ട് വെട്ടാൻ കാരണമായ പരാതി നൽകിയ സൂര്യകാന്ത് എന്നിവര്‍ രാഹുലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബബിതയുടേത് ഉൾപ്പെടെ 12 വോട്ട് വെട്ടാൻ കര്‍ണാടക സ്വദേശിയായ സൂര്യകാന്താണ് പരാതികൾ നൽകിയതെന്നാണ് രേഖ. എന്നാൽ ആരുടെയും വോട്ട് വെട്ടാൻ പരാതി കൊടുത്തിട്ടില്ലെന്ന് സൂര്യകാന്ത് വെളിപ്പെടുത്തി. ഗോഡാ ഭായ് എന്ന സ്‌ത്രീ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലും നിരവധി വോട്ടുകൾ വെട്ടി. ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ലെന്ന് ഗോഡാ ഭായ് പറയുന്ന വീഡിയോയും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. മഹാരാഷ്‌ട്രയിലെ രജൂരാ മണ്ഡലത്തിൽ 6850 വ്യാജ വോട്ട് ചേർത്തതായും രാഹുൽ ആരോപിച്ചു. ഇൗ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ ബിജെപി 3054 വോട്ടിനാണ് തോൽപ്പിച്ചത്.
രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചു.
ജനാധിപത്യത്തെ കൊല്ലാൻ ഗ്യാനേഷ്‍കുമാര്‍ ഒത്താശ ചെയ്യുന്നു
ന്യൂഡൽഹി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‍കുമാര്‍ ജനാധിപത്യത്തെ കൊല്ലാൻ നോക്കുന്നവർക്ക് ഒത്താശ ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടര്‍പ്പട്ടികയിൽ നിന്ന് 5,994 വോട്ടുകൾ വെട്ടാനുള്ള ശ്രമത്തിന് എതിരെ കർണാടക സിഐഡി വിഭാഗം അന്വേഷണം തുടങ്ങി. വിവരം തേടി സിഐഡി വിഭാഗം 18 തവണ കത്തയച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷൻ സഹകരിക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ ഒരാഴ്‌ചയ്‌ക്കകം രേഖ കൈമാറണം.
അതേസമയം, താൻ പുറത്തുവിടുമെന്ന് പറഞ്ഞ "ഹൈഡ്രജൻ ബോംബ്' ഇതല്ലെന്നും അത് ഉടൻ തന്നെ പുറത്തുവിടുമെന്നും രാഹുൽ പറഞ്ഞു.









0 comments