print edition രാഹുൽ ഗാന്ധിയുടെ ആരോപണം ; കൃത്യമായ മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി
ഹരിയാനയിലെ വോട്ടർപ്പട്ടികയിൽ 25 ലക്ഷത്തോളം വ്യാജവോട്ടുകളുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണത്തിന് കൃത്യമായ മറുപടിയില്ലാതെ തെരഞ്ഞെടുപ്പ് കമീഷൻ. ആരോപണത്തോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായിട്ടില്ല. വോട്ടർപ്പട്ടികയുടെ കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ഒപ്പിട്ട് സത്യവാങ്‌മൂലം സമർപ്പിക്കാൻ ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ പാർടികൾക്കും വോട്ടർപ്പട്ടികയുടെ പകർപ്പ് കൈമാറിയെന്നും ആ ഘട്ടത്തിൽ ഒരു പരാതി പോലും ലഭിച്ചില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പിഴവുകളുണ്ടെങ്കിൽ എന്തുകൊണ്ടാണ് രാഷ്ട്രീയപാർടികളുടെ ബൂത്ത് ഏജന്റുമാർ അത് ചൂണ്ടിക്കാട്ടാതിരുന്നത്. ഹരിയാനയിലെ വോട്ടർപ്പട്ടികയുടെ കാര്യത്തിൽ ഒരു അപ്പീൽ പോലും ലഭിച്ചില്ല. ഇപ്പോഴത്തെ ആരോപണം രാജ്യവ്യാപകമായി നടത്തുന്ന വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയെ ന്യായീകരിക്കുന്നതാണ്. – തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പ്രതികരിച്ചു
തെരഞ്ഞെടുപ്പ് പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു.









0 comments