'വോട്ടിനുവേണ്ടി മോദി വേണമെങ്കിൽ വേദിയിൽ നൃത്തം ചെയ്യും': പരിഹസിച്ച് രാഹുൽ ഗാന്ധി

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും, ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ നൃത്തം ചെയ്യുമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുസാഫർപുരിൽ നടന്ന മഹാസഖ്യത്തിന്റെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജെഡി നേതാവ് തേജസ്വി യാദവും റാലിയിൽ പങ്കെടുത്തു. നിങ്ങൾ വോട്ടിന് വേണ്ടി മോദിയോട് ഒരു നാടകം കളിക്കാൻ പറഞ്ഞാൽ, അദ്ദേഹം അത് ചെയ്യും.
നിങ്ങൾ അദ്ദേഹത്തോട് വേദിയിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടാൽ, വോട്ടിന് വേണ്ടി അദ്ദേഹം അതും ചെയ്യും. നിങ്ങൾ ഒരു തവണ അത് ശ്രമിച്ചുനോക്കൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയും എൻഡിഎയും സാമൂഹ്യനീതിക്ക് എതിരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഭരണഘടനയെ ആക്രമിക്കുകയും മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടുകൾ 'മോഷ്ടിക്കുക'യും ചെയ്തവർ ബിഹാറിലും അത് ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാരിനെ ബിജെപി 'റിമോട്ട് കൺട്രോൾ' ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണ് പ്രധാനമന്ത്രി മോദിയും ആർഎസ്എസും ശ്രമിക്കുന്നത്. ഭരണഘടനയാണ് രാജ്യത്തെ പാവപ്പെട്ടവർക്ക് ലഭിച്ച എല്ലാ അവകാശങ്ങൾക്കും കാരണം. ബിഹാറിലെ യുവാക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി മഹാസഖ്യം നിലകൊള്ളുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.









0 comments