'മോദിക്ക് ട്രംപിനെ പേടി'; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിച്ചത് ട്രംപ് ആണ് എന്ന അവകാശവാദത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി.
മോദിക്ക് ട്രംപിനെ പേടിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന ട്രംപ് നിരവധി തവണ ആവർത്തിച്ചിട്ടും മോദി മൗനം പാലിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ബിഹാറിലെ ദർഭംഗയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ധൈര്യം സംഭരിച്ച് ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അടുത്ത തവണ ബിഹാറിൽ വരുമ്പോൾ ട്രംപ് പറയുന്നത് നുണയാണെന്ന് തുറന്നു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി 'ഓപ്പറേഷൻ സിന്ദൂർ' നിർത്തിവെപ്പിച്ചു എന്ന് ട്രംപ് 50 തവണയോളം പറഞ്ഞിട്ടും മോദി ഒരക്ഷരം മിണ്ടിയിട്ടില്ല. ട്രംപ് എല്ലാ ദിവസവും പല രാജ്യങ്ങളിൽ വെച്ച് മോദിയെ അപമാനിക്കുന്നു.
മോദിക്ക് ധൈര്യമില്ലെന്നും അദ്ദേഹത്തെക്കൊണ്ട് മുട്ടുകുത്തിച്ചു എന്നും ട്രംപ് പറയുന്നു. ട്രംപ് കളവ് പറയുകയാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറയാൻ കഴിയാത്ത ഒരാൾക്ക് ബിഹാറിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇതിനുശേഷം ഈ വിഷയത്തിൽ രാഹുൽ ഗാന്ധി തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ട്രംപ് പല രാജ്യങ്ങളിൽ പോയി മോദിയെ അപമാനിക്കുന്നത് ഇന്ത്യയെ തന്നെ അപമാനിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments