22 വട്ടം വോട്ടുചെയ്‌ത് ‘ബ്രസീൽ മോഡൽ’
print edition ബിജെപി ഹരിയാന പിടിച്ചത് വോട്ട് തട്ടിപ്പിലൂടെ : രാഹുൽ ഗാന്ധി

ന്യൂഡൽഹി
2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ വോട്ടർപ്പട്ടികയിലെ രണ്ടു കോടി വോട്ടർമാരിൽ 25 ലക്ഷത്തിലേറെയും വ്യാജ വോട്ടർമാരാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 5.21 ലക്ഷം ഇരട്ട വോട്ടുകളാണ്. 93174 വോട്ടുകൾ വ്യാജവിലാസങ്ങളിലാണ്. 19.26 ലക്ഷം ബൾക്ക് വോട്ടുകളാണ്. വോട്ടർപ്പട്ടികയിലെ എട്ടിലൊന്നും തട്ടിപ്പാണ്– ‘എച്ച് ഫയൽസ്’ എന്ന പേരിൽ നടത്തിയ വെളിപ്പെടുത്തലിൽ രാഹുൽ പറഞ്ഞു.
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്‌ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബിജെപി ജയിച്ചത്. ഹരിയാനയിൽ നടത്തിയ സൂഷ്‌മപരിശോധനയിലാണ് വ്യാപക തട്ടിപ്പ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് കമീഷനും ബിജെപിയും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തത്. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ 22,779 വോട്ട് മാത്രമാണ് കോൺഗ്രസും ബിജെപിയുമായുള്ള വ്യത്യാസം. ആകെ വോട്ടുവ്യത്യാസം 1.12 ലക്ഷം മാത്രം. ഒരു സ്‌ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടർമാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളിൽ വ്യാജ ഫോട്ടോയാണ്. വ്യാജ വോട്ടുകൾ തിരിച്ചറിയാൻ കമീഷൻ പ്രത്യേക സോഫ്‌റ്റ്‌വെയർ സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ല. ബിജെപിയെ സഹായിക്കാനാണിത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഹരിയാനയിൽ 73 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിലായിരുന്നു. ബിജെപി പതിനേഴിടത്ത് മാത്രമാണ് ലീഡ് ചെയ്‌തിരുന്നത്. എന്നാൽ ബാലറ്റ് വോട്ട് എണ്ണിയപ്പോൾ ബിജെപി 48 സീറ്റുനേടി– രാഹുൽ പറഞ്ഞു.
22 വട്ടം വോട്ടുചെയ്‌ത് ‘ബ്രസീൽ മോഡൽ’
ബ്രസീലുകാരിയായ മോഡലിന്റെ ചിത്രം ഹരിയാനയിൽ കള്ളവോട്ടിനായി ബിജെപി വ്യാപകമായി ഉപയോഗിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എട്ടിടങ്ങളിലായി 22 വട്ടമാണ് ബ്രസീൽ മോഡൽ ‘വോട്ടുചെയ്‌തത്’. സീമ, സ്വീറ്റി, സരസ്വതി, രശ്‌മി, വിൽമ തുടങ്ങിയ പേരുകളിലാണ് ഇൗ ഫോട്ടോ പട്ടികയിൽ പേരുള്ളത്. ബ്രസീൽ ഫോട്ടോഗ്രാഫറായ മതീയസ് ഫെറാരോ എടുത്ത ചിത്രത്തിലെ മോഡലാണ് പട്ടികയിലുൾപ്പെട്ടത് രാഹുൽ പറഞ്ഞു.
ഒരു ഫോട്ടോ തന്നെ ഉപയോഗിച്ച് 223 വോട്ടുകൾ വരെ ചെയ്‌തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ പുറത്തുവരാതിരിക്കാനാണ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത്. യുപിയിൽ നിന്നുള്ള ആയിരക്കണക്കിനാളുകളും ഹരിയാനയിൽ വോട്ടുചെയ്‌തിട്ടുണ്ട്. ഹരിയാനയിലുള്ളവർ യുപിയിലും വോട്ടുചെയ്‌തിട്ടുണ്ട്– രാഹുൽ പറഞ്ഞു.
കേരളത്തിലെ ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ ജയിക്കാനായി ആരെ കൊണ്ടുവന്നും വോട്ടുചെയ്യിപ്പിക്കുമെന്ന് പറഞ്ഞ വീഡിയോയും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വ്യാപകമായി കള്ളവോട്ട് ചേർത്തത് പുറത്തുവന്ന ഘട്ടത്തിലാണ് ഗോപാലകൃഷ്‌ണന്റെ ഇങ്ങനെ പറഞ്ഞത്.









0 comments