"കാവൽക്കാരൻ ഉണർന്നിരിക്കുന്പോഴും വോട്ടുമോഷണം തകൃതി' ; തെരഞ്ഞെടുപ്പ് കമീഷനെതിരെ വീണ്ടും രാഹുൽ

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷൻ ‘വോട്ടുമോഷണ’ത്തിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ആവർത്തിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ‘പുലർച്ചെ നാലിന് എഴുന്നേൽക്കും. 36 സെക്കന്റിൽ രണ്ട് വോട്ട് വെട്ടും. പിന്നെ കിടന്നുറങ്ങും. വോട്ട് മോഷ്‌ടിക്കുന്നത് ഇങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്നിരിക്കുന്പോഴും മോഷണം തകൃതിയായി നടക്കും. കള്ളൻമാരെ രക്ഷിക്കും’– രാഹുൽ എക്‌സിൽ കുറിച്ചു.
കർണാടകത്തിൽ കള്ളപ്പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപകമായി വോട്ട് വെട്ടാൻ നീക്കം നടന്നതായി രാഹുൽ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കർണാടക സ്വദേശി നാഗരാജ് പുലർച്ചെ 4.07ന് ഒരാളുടെ വോട്ട് നീക്കാൻ ഓൺലൈനായി അപേക്ഷ നൽകിയതായും 36 സെക്കന്റ് കഴിഞ്ഞപ്പോൾ ഇതേ നാഗരാജ് മറ്റൊരു വോട്ട് നീക്കാൻ അപേക്ഷ നൽകിയതായും രാഹുൽ ചൂണ്ടിക്കാട്ടി. താൻ അറിയാതെയാണ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടതെന്ന് വാർത്താസമ്മേളനത്തിൽ രാഹുലിനൊപ്പം പങ്കെടുത്ത നാഗരാജ് വെളിപ്പെടുത്തിയിരുന്നു.
കോൺഗ്രസിൽ എതിര്‍പ്പ്
വോട്ടുമോഷണത്തിന് എതിരായ രാഹുലിന്റെ പ്രചാരണ പരിപാടികളിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് അതൃപ്‌തിയുള്ളതായി ദേശീയ മാധ്യമങ്ങൾ. ബിഹാറിൽ എസ്ഐആറിനെതിരായ ‘വോട്ടർ അധികാർ യാത്ര’ വിജയമായിരുന്നു. സുപ്രീംകോടതി ഇടപെട്ട് ആധാർ കൂടി വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി പരിഗണിക്കണമെന്ന് ഉത്തരവിട്ടു. ഇൗ സാഹചര്യത്തിൽ ബിഹാറിൽ ഉൾപ്പെടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളിലൂന്നി പ്രചരണം ശക്തമാക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്.









0 comments