വിപ്പ്‌ ലംഘിച്ച്‌ വിട്ടുനിന്ന്‌ പ്രിയങ്ക, വാതുറക്കാതെ രാഹുൽ ; കോൺഗ്രസ് വെട്ടിൽ

rahul and priyanka on waqf bill
വെബ് ഡെസ്ക്

Published on Apr 04, 2025, 02:17 AM | 2 min read


ന്യൂഡൽഹി : വഖഫ്‌ ഭേദഗതി ബില്ലിലെ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വയനാട്‌ എംപി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ വിപ്പ്‌ ലംഘിച്ച്‌ വിട്ടുനിന്നത്‌ ഹിന്ദുത്വശക്തികളെ പ്രീണിപ്പിക്കാനാണെന്ന്‌ ആക്ഷേപം. പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയാകട്ടെ സഭയിൽ എത്തിയെങ്കിലും ഇടപെടുകയോ, ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്‌തില്ല. എല്ലാ എംപിമാർക്കും കോൺഗ്രസ്‌ വിപ്പ്‌ നൽകിയെങ്കിലും ബിൽ വോട്ടിനിട്ട നിർണായക ഘട്ടത്തിൽ പോലും പ്രിയങ്ക സഭയിൽ എത്തിയില്ല. വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കുന്ന കാര്യം പ്രിയങ്ക നേതൃത്വത്തെ അറിയിച്ചതുമില്ല.


ഇടതുപക്ഷ പാർടികൾ ഉൾപ്പെടെ രാജ്യത്തെ മറ്റ്‌ മതനിരപേക്ഷ പാർടികളെല്ലാം ലോക്‌സഭയിൽ ബില്ലിനെതിരെ ശക്തമായി നിലകൊണ്ടപ്പോഴാണ്‌ കോൺഗ്രസ്‌ നേതൃത്വം ഇരയ്‌ക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന സമീപനം സ്വീകരിച്ചത്‌. വഖഫ്‌ ബില്ലിൽ രാഹുലും പ്രിയങ്കയും പാർലമെന്റിൽ സംസാരിക്കേണ്ടതില്ലെന്ന തീരുമാനം കോൺഗ്രസ്‌ ഹൈക്കമാൻഡ്‌ നേരത്തെതന്നെ എടുത്തിരുന്നു. പാർലമെന്റിൽ ഇരുവരും വഖഫ്‌ ബില്ലിനെതിരായി സംസാരിച്ചാൽ അതിന്റെ ദൃശ്യം സംഘപരിവാർ പ്രചരിപ്പിക്കുമെന്നും അത്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദോഷം ചെയ്യുമെന്നായിരുന്നു ഹൈക്കമാൻഡ്‌ വിലയിരുത്തൽ. ബന്ധുവിന്റെ ചികിത്സയ്ക്കായി പ്രിയങ്ക വിദേശത്താണെന്നാണ്‌ വിശദീകരണം.


മൂന്നുവട്ടം വിളിച്ചിട്ടും "സുധാകർജി'യെ കണ്ടില്ല

വഖഫ്‌ ബില്ലിന്റെ കാര്യത്തിൽ രാഹുലും പ്രിയങ്കയും സ്വീകരിച്ച നിസ്സംഗ നിലപാടുതന്നെയാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പിന്തുടർന്നത്‌. ബില്ലിന്റെ ചർച്ചാവേളയിൽ സഭ നിയന്ത്രിച്ചിരുന്ന ദിലീപ്‌ സൈക്കിയ സുധാകരന്റെ പേര് മൂന്നുവട്ടം വിളിച്ചു. സഭയിൽ ആളില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ ചർച്ചയ്‌ക്കായി സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ്‌ കെ രാധാകൃഷ്‌ണനെ ക്ഷണിക്കുകയായിരുന്നു.


പ്രിയങ്കയ്‌ക്കെതിരെ പ്രതിഷേധമുയരുന്നു

ലോക്‌സഭയിൽ വഖഫ്‌ ഭേദഗതി ബില്ലിന്റെ ചർച്ചയിൽനിന്ന്‌ വയനാട്‌ എംപി പ്രിയങ്ക ഗാന്ധി വിട്ടുനിന്നതിൽ മണ്ഡലത്തിൽ പ്രതിഷേധമുയരുന്നു. പ്രിയങ്കയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുസ്ലിംലീഗും കടുത്ത അതൃപ്‌തിയിലാണ്‌. നിർണായക സമയത്ത്‌ പ്രിയങ്ക സഭയിൽ ഉണ്ടാകണമായിരുന്നുവെന്ന്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ അഹമ്മദ്‌ ഹാജി ദേശാഭിമാനിയോട്‌ പ്രതികരിച്ചു.


പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തിയിട്ടും ബില്ലിനെതിരെ സംസാരിക്കാതിരുന്നതിലും കടുത്ത വിമർശമുണ്ട്‌. ബില്ലുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപിമാർക്ക്‌ വിപ്പ് നൽകിയിരുന്നു. വിപ്പ്‌ ലഭിച്ചിട്ടും പ്രിയങ്ക സഭയിൽ എത്തിയില്ല. സിപിഐ എം എംപിമാർ പാർടി കോൺഗ്രസിൽ പങ്കെടുക്കാതെ സഭയിലെത്തി ബില്ലിനെതിരെ ശക്തമായ വിമർശമുയർത്തി.


ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വയനാട്‌ എംപിയായിരിക്കെ രാഹുൽ സ്വീകരിച്ച മൗനം പ്രിയങ്കയും തുടരുകയാണ്‌. രാഹുൽ വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ തുടങ്ങിയ കാലം മുതൽ ലീഗ്‌ അവഗണന നേരിടുന്നുണ്ട്‌. പ്രിയങ്കയും ഇത്‌ തുടരുകയാണെന്ന്‌ പ്രവർത്തകർ പറയുന്നു. പ്രിയങ്ക പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ലീഗിന്റെ പച്ചക്കൊടിക്ക്‌ ഇപ്പോഴും വിലക്കാണ്‌.


മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ പ്രിയങ്ക എംപി ഫണ്ട്‌ നൽകാതിരുന്നതിലും മണ്ഡലത്തിൽ പ്രതിഷേധമുയർന്നിരുന്നു. പ്രിയങ്ക ഗാന്ധിയുടെ സമീപനം മതനിരപേക്ഷതയെ പിന്നിൽനിന്ന്‌ കുത്തുന്നതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിനൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ എംപി തകർത്തതെന്നും അദ്ദേഹം പറഞ്ഞു.


രാഹുൽ, പ്രിയങ്ക ഒളിച്ചോട്ടം കോൺഗ്രസ്‌ വിശദീകരിക്കണമെന്ന്‌ ഐഎൻഎൽവഖഫ് ഭേദഗതി ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കാതിരുന്നതും പ്രിയങ്ക ഗാന്ധി പാർടി വിപ്പ് ലംഘിച്ച് സഭയിൽ എത്താതിരുന്നതും സംശയങ്ങൾക്ക് ഇടനൽകുന്നതായി ഐഎൻഎൽ. വയനാട്ടിൽനിന്ന് വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി ജയിച്ച പ്രിയങ്ക സഭയിൽനിന്ന് മാറിനിന്നത് എന്തുകൊണ്ടെന്ന് കോൺഗ്രസ്‌ വ്യക്തമാക്കണം. വഖഫ് ബിൽ പാർലമെന്റ്‌ കടന്നാലും അതിനെതിരെ മതേതരകക്ഷികൾ കൂടുതൽ പ്രതിബദ്ധതയോടെ ഇടപെടണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ എംഎൽഎയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.


കോൺഗ്രസിന്റേത്‌ 
നിരുത്തരവാദിത്വം: നാഷണൽ ലീഗ്

വഖഫ്‌ ഭേദഗതി ബിൽ ചർച്ചയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാട്ടിയ നിരുത്തരവാദിത്വം അപലപനീയമാണെന്ന്‌ നാഷണൽ ലീഗ്‌. വഖഫ് നിയമഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേരെയുള്ള കടന്നാക്രമണമാണെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ബിജെപിയുടെ കുടിലതന്ത്രം ചെറുത്ത് തോൽപ്പിക്കണമെന്നും പ്രവർത്തക സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ്‌ എ പി അബ്ദുൾ വഹാബ് അധ്യക്ഷനായി. സി പി നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൾ അസീസ്, ബഷീർ ബഡേരി, ഒ പി ഐ കോയ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home