63,000 കോടിക്ക് 26 റഫാൽ യുദ്ധവിമാനം വാങ്ങും ; ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാട്

ന്യൂഡൽഹി : നാവികസേനയ്ക്കായി ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനംകൂടി വാങ്ങാനുള്ള കരാറിന് കേന്ദ്ര മന്ത്രിസഭാസമിതി (സിസിഎസ്) അംഗീകാരം നൽകി. ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിയിൽനിന്നു പ്രവർത്തിപ്പിക്കാവുന്ന 26 മറൈൻ ഫൈറ്റർ ജെറ്റുകളാണ് വാങ്ങുക. 64,000 കോടി രൂപ ചെലവഴിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകുമിത്. ഈ മാസം അവസാനം ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യയിലെത്തുമ്പോൾ കരാറിൽ ഒപ്പിടും. 37 മുതൽ 65 മാസത്തിനകം വിമാനം ലഭ്യമാക്കും. 2030–-2031നുള്ളിൽ കൈമാറ്റം പൂർത്തിയാകും.
22 ഒറ്റസീറ്റ് റഫാൽ–-എം ജെറ്റുകളും നാല് ഇരട്ടസീറ്റ് ട്രെയിനർ വിമാനങ്ങളുമാണ് വാങ്ങുന്നത്. പൈലറ്റുമാർക്കുള്ള പരിശീലനം, അനുബന്ധ ഉപകരണങ്ങൾ, അറ്റക്കുറ്റപ്പണിക്കുള്ള സഹായങ്ങൾ തുടങ്ങിയവും കരാറിന്റെ ഭാഗമാണ്. നിലവിൽ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു മിഗ് 29കെ വിമാനങ്ങൾ പ്രവർത്തിപ്പിക്കാം. ഫ്രാൻസിൽനിന്നു സ്‌കോർപീൻ അന്തർവാഹിനികൾ വാങ്ങാനുള്ള കരാറിനും കേന്ദ്രസർക്കാർ ഉടൻ അംഗീകാരം നൽകും.
2016 സെപ്‌തംബറിൽ ഒപ്പിട്ട 60,000 കോടിയുടെ കരാറനുസരിച്ച് വ്യോമസേനയ്ക്കായി ഫ്രാൻസിൽനിന്നു 36 റഫാൽ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. ഈ കരാറുമായി ബന്ധപ്പെട്ട് അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.









0 comments