തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ; ആര്‍ എന്‍ രവി അടയിരുന്നത് 5 വര്‍ഷം

ചെന്നൈ : കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരിലൂടെ സംസ്ഥാന സര്‍വകലാശാലകളിൽ കൈകടത്തുന്നത് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭ 2020 ജനുവരി മുതൽ 2023 ഏപ്രിൽവരെ പാസാക്കിയ 10 ബില്ലുകളിൽ രണ്ട് മുതൽ അഞ്ചുവര്‍ഷം വരെയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി അടയിരുന്നത്. ഇതിൽ രണ്ടെണ്ണം എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പാസാക്കിയതാണ്.
12 ബില്ലുകളാണ് അനിശ്ചിതമായി അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോയത്. ഇതിനെതിരെ 2023 നവംബറില്‍ ഡിഎംകെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ രണ്ട് ബില്ല് രാഷ്ട്രപതിക്ക് വിട്ടു. തുടര്‍ന്ന് നവംബര്‍ 18ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍ ശേഷിക്കുന്ന പത്തു ബില്ലുകള്‍ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചു. ഇതിനൊന്നും അനുമതി നൽകാതെ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നൽകി. ഏഴ് എണ്ണം തള്ളി. രണ്ട് എണ്ണത്തിൽ തീരുമാനമെടുത്തില്ല.
മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍, കൃഷി, നിയമം, ഫിഷറീസ്, മെഡിക്കൽ, വെറ്ററിനറി സര്‍വകലാശാലകൾ എന്നിവിടങ്ങളിൽ ചാന്‍സലറുടെ (ഗവര്‍ണര്‍) അധികാരം വെട്ടിക്കുറയ്ക്കുന്നതാണ് ബില്ലുകള്‍.
വൈസ് ചാന്‍സലര്‍ നിയമനത്തിലും ഭരണകാര്യത്തിലും അധികാരം സംസ്ഥാന സര്‍ക്കാരിൽ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി. ബില്ലുകള്‍ പാസ്സായതായി സുപ്രീംകോടതി ഉത്തരവിട്ടതോടെ വൈസ് ചാന്‍സലര്‍ നിയമന അധികാരം തമിഴ്നാട് സര്‍ക്കാരിന് ലഭിച്ചു.
വിവാദ നായകന്‍
ആര്‍ എന്‍ രവി തമിഴ്നാട് ഗവര്‍ണറായത് 2021 സെപ്തംബറിലാണ്. അന്ന് മുതൽ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറി ഡിഎംകെ സര്‍ക്കാരിന് ഇടങ്കോലിടാന്‍ ശ്രമിച്ച ആര്‍ എന്‍ രവിക്ക് നിരവധി തവണ സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു. ഗവര്‍ണര്‍ തിരിച്ചയച്ചാല്‍ ആ ബില്ലിന് അന്ത്യം സംഭവിച്ചെന്നാണ് അര്‍ഥമെന്ന രവിയുടെ പരാമര്‍ശം ഏറെ വിമര്‍ശം ക്ഷണിച്ചുവരുത്തി.
ഇഡി കേസിൽ അറസ്റ്റിലായതിന് പിന്നാലെ മന്ത്രിസ്ഥാനത്ത് നിന്ന് വി സെന്തിൽ ബാലാജിയെ ഏകപക്ഷീയമായി ഗവര്‍ണര്‍ പുറത്താക്കി. മന്ത്രിമാരെ നീക്കുന്നതിൽ അധികാരം മുഖ്യമന്ത്രിക്കാണെന്ന് വ്യക്തമാക്കിയ സ്റ്റാലിന്‍ വകുപ്പില്ലാ മന്ത്രിയായി സെന്തിൽ ബാലാജിയെ നിലനിര്‍ത്തി. അഴിമതി കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള സ്റ്റാലിന്റെ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഒടുവിൽ ആര്‍ എന്‍ രവി തന്നെ സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടിവന്നു. സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്താതെ നിയമസഭയിൽനിന്ന് പലവട്ടം രവി ഇറങ്ങിപ്പോയി.









0 comments