അസമിലെ പിഡബ്ല്യുഡി ജീവനക്കാരിയുടെ ആത്മഹത്യ; 2 പേർ അറസ്റ്റിൽ

ബൊംഗൈഗാവ്: അസമിലെ ബൊംഗൈഗാവ് ജില്ലയിൽ പൊതുമരാമത്ത് വകുപ്പിൽ (പിഡബ്ല്യുഡി) ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. 30കാരിയായ ജോഷിത ദാസ് ആണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. പിഡബ്ല്യുഡി - ഹൗസിംഗിൽ ജൂനിയർ എഞ്ചിനീയറായിരുന്ന യുവതി, ഒരു വർഷത്തോളമായി ഇവിടെ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
യുവതിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 'വ്യാജ ബില്ലുകൾ' ക്ലിയർ ചെയ്യുന്നതിനായി മേലുദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചിരുന്നുവെന്നും ഇതുമൂലമുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവതി എഴുതിയ കത്തിൽ ആരോപിക്കുന്നു. പൂർത്തിയാവത്ത പ്രവൃത്തികളുടെ ബില്ലുകൾ ക്ലിയർ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ കത്തിൽ പരാമർശിച്ച രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഗൊസ്സായിഗാവ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ബൊർസോജ്ഗാവിൽ ഒരു സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു കരാറുകാരന്റെ ബില്ലുകൾ ക്ലിയർ ചെയ്യാനാണ് ഇവർ ജോഷിതയെ നിർബന്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)









0 comments